Connect with us

Kerala

മുല്ലപ്പെരിയാര്‍: കേന്ദ്രം മധ്യസ്ഥത വഹിക്കണം

Published

|

Last Updated

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നു.

ശാഫി കരുമ്പില്‍
ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടു. പുതിയ ഡാം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ മധ്യസ്ഥതയില്‍ ഇരു സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും വിഷയത്തില്‍ തമിഴ്‌നാടുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ വെള്ളപ്പൊക്കത്തിന്റെയും തുടരെത്തുടരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന്റെയും സാഹചര്യത്തി ല്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ധരെ ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച വിശദമായ പഠനം നടത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സുരക്ഷാ ഡാം നിര്‍മിക്കാന്‍ കേരളത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ല. തമിഴ്‌നാടിന്റെ താത്പര്യം ഹനിക്കാത്ത രൂപത്തില്‍ പുതിയ സുരക്ഷാ ഡാം വേണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയടക്കമുള്ളവരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. റബ്ബറിന്റെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രിയോട് അഭ്യര്‍ഥിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സോളാര്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. നാട്ടില്‍ മുഴുവന്‍ സോളാറാണ്. ഡല്‍ഹിയില്‍ വന്നത് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇവിടെയും സോളാറിനെക്കുറിച്ച് പറയാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ കെ സി ജോസഫ്, പി ജെ ജോസഫ്, എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, കെ ബാബു എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.