ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ നിരോധിച്ചു

Posted on: December 11, 2015 2:32 pm | Last updated: December 12, 2015 at 10:17 am

delhi vehicleന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ പുതുതായി ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് നിരോധനം. നിലവിലുള്ള കാറുകള്‍ക്ക് നിരോധനം ബാധകമല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഡീസല്‍ കാറുകള്‍ വാങ്ങരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

നേരത്തെ, ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ-ഇരട്ട നമ്പര്‍ നിയന്ത്രണ ഫോര്‍മുലയെ ഹരിത ട്രൈബ്യൂണല്‍ ചോദ്യം ചെയ്തിരുന്നു. ഈ ഫോര്‍മുല ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കില്ല എന്നു മാത്രമല്ല, ആളുകള്‍ക്ക് രണ്ട് കാറുകള്‍ വാങ്ങാന്‍ പ്രേരണ നല്‍കുമെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

അതേസമയം, ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം എര്‍പ്പെടുത്തണമെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹരജിയില്‍ ഡിസംബര്‍ 15ന് സുപ്രിം കോടതി വാദം കേള്‍ക്കും.