നൗഷാദിന്റെ കുടുംബത്തിന് ഓട്ടോ തൊഴിലാളികളുടെ സഹായം

Posted on: December 11, 2015 12:03 pm | Last updated: December 11, 2015 at 12:03 pm

IMG-20151210-WA00082ഫറോക്ക്: പാളയത്തെ മാന്‍ഹോളില്‍ ഇറങ്ങി ശുചീകരിക്കുന്നതിനിടെ അപകടത്തില്‍പെട്ട രണ്ട് തൊഴിലാളികളെ രക്ഷപെടുത്തുന്നതിനിടെ ശ്വാസംമുട്ടി അതെ മാന്‍ഹോളിലെ അഴുക്ക് വെള്ളത്തില്‍ മുങ്ങി മരിച്ച ഓട്ടോ െ്രെഡവര്‍ മാളിക്കടവ് സ്വദേശിയായ നൗഷാദിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഒളവണ്ണ പാലകുറുമ്പതാഴം ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികള്‍. നൗഷദിന്റെ കുടുംബത്തിനുവേണ്ടി ഒരു ദിവസത്തെ വരുമാനം പൂര്‍ണമായും മാറ്റിവെച്ചാണ് ഇന്നലെ ഇവര്‍ നന്മയുടെ കാക്കി യൂനിഫോമണിഞ്ഞത്.
‘മനുഷ്യത്വത്തിന്റെ മുഖം ഇനിയും അസ്തമിച്ചിട്ടില്ലായെന്ന് സമൂഹത്തിന് കാണിച്ചുതന്ന അങ്ങയുടെ ധീരതക്ക് മുന്നില്‍ ഞങ്ങളുടെ സ്‌നേഹ സമര്‍പ്പണം എന്നെഴുതിയ ബോര്‍ഡുകളും നൗഷാദിന്റെ ഫോട്ടോയും ഓട്ടോക്ക് മുന്നില്‍ സ്ഥാപിച്ചായിരിന്നു രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ ഇവിടത്തെ ഓട്ടോ റിക്ഷകള്‍ സര്‍വീസ് നടത്തിയത്. ഒളവണ്ണ പാലകുറുമ്പതാഴത്തെ ഐ എന്‍ ടി യു സി ഓട്ടോ യൂനിയന്റെ നേതൃത്വത്തില്‍ കുന്നത്ത്പാലം ജംഗ്ഷനില്‍ വെച്ച് നടന്ന പരിപാടി ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ മഠത്തില്‍ അസീസ്, ജയരാജന്‍, ഷിയാലി പെരുവയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലക്ഷന്‍ തുക അടുത്ത ദിവസം നൗഷാദിന്റെ കുടുംബത്തിന് കൈമാറും.