സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞെന്ന് കണക്കുകള്‍

Posted on: December 11, 2015 6:05 am | Last updated: December 11, 2015 at 4:33 pm

TODDY'തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മദ്യ ഉപയോഗത്തില്‍ 20.27 ശതമാനത്തിന്റെ കുറവെന്നാണ് പഠന റിപ്പോര്‍ട്ട്. വിദേശ മദ്യ വില്‍പനയില്‍ 24.92 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ബിയര്‍ വില്‍പനയില്‍ 63.65 ശതമാനവും വൈന്‍ വില്‍പനയില്‍ 260.02 ശതമാനവും വര്‍ധനയുണ്ടായി. ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍(അഡിക്) ഇന്ത്യയുടെ പഠനത്തിലാണ് മദ്യഉപയോഗം കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. അതേസമയം, വീര്യം കുറഞ്ഞ ലഹരിയുടെ ഗണത്തില്‍പ്പെട്ടിട്ടുള്ള ബിയര്‍, വൈന്‍ എന്നിവയുടെ ഉപയോഗം കൂടിയതായും അഡിക് ഇന്ത്യയെന്ന ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
2014 ഏപ്രില്‍ മുതല്‍ 20115 സെപ്തംബര്‍ വരെയുള്ള മാസങ്ങളിലെ വില്‍പനയാണ് പഠന വിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം ഈ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ 5,37,24,258 ലിറ്റര്‍ മദ്യം കുറവാണ് ഈ വര്‍ഷം വിറ്റഴിച്ചത്. പഞ്ച നക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള 730 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതും ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും എഴുപതോളം ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതുമാണ് മദ്യവില്‍പന കുറയാന്‍ കാരണമെന്ന് അഡിക് ഇന്ത്യ ഡയറകടര്‍ ജോണ്‍സണ്‍ ജെ ഇടയാറന്മുള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ബിയര്‍,വൈന്‍ വില്‍പനയില്‍ യഥാക്രമം 5,42,71,620 ലിറ്റര്‍, 16,53,480 ലിറ്ററിന്റെ വര്‍ധനയും രേഖപ്പെടുത്തുന്നു. അടച്ച ബാര്‍ ഹോട്ടലുകള്‍ക്കു പകരം 730 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചതാണ് ഈ വര്‍ധനയ്ക്കു കാരണം. 2014-15 കാലയളവില്‍ 418 ബാറുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നപ്പോള്‍ 84,30,997 ലിറ്റര്‍(9.89ശതമാനം) കുറവുണ്ടായിരുന്ന സ്ഥാനത്തു നിന്നാണ് ബിയര്‍-വൈന്‍ വില്‍പനയിലെ ഈ വര്‍ധന.
കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ മദ്യവില്‍പനയില്‍ ക്രമാനുഗതമായ കുറവ് ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രതിമാസ ശരാശരി മദ്യ ഉപയോഗം 1,79,69,118 ലിറ്റര്‍ ആയിരുന്നത് 2014-15ല്‍ 1,64,14,523 ലിറ്ററായും നടപ്പുവര്‍ഷം ഇത് 1,49,84,437 ലിറ്ററായും കുറഞ്ഞു. 14,30, 086 ലിറ്ററിന്റെ കുറവാണ് പ്രതിമാസം രേഖപ്പെടുത്തുന്നത്. എന്നാല്‍ പ്രതിമാസ ബിയര്‍ വില്പന 2013-14 വര്‍ഷം 71,05,364 ലിറ്ററായിരുന്നത് 2014-15ല്‍ ബാറുകള്‍ അടച്ചിട്ടിരുന്ന കാലയളവില്‍ 64,02,781 ലിറ്ററായി കുറഞ്ഞെങ്കിലും പിന്നീട് ബാറുകള്‍ പൂട്ടി ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതോടെ പ്രതിമാസ ശരാശരി വില്പന 1,01,20,454 ലിറ്ററായി കുതിച്ചുയര്‍ന്നു. പ്രതിമാസം ബിയര്‍ വില്പനയില്‍ 37,17,673 ലിറ്ററിന്റെ വര്‍ധനയാണ് ഉണ്ടായത്. 2013-14ല്‍ പ്രതിമാസ ശരാശരി വില്‍പന 52,989 ലിറ്ററായിരുന്ന വൈന്‍ വില്പന 2014-15ല്‍ 64,276 ലിറ്ററായും 2015-16ല്‍ 1,44,849 ലിറ്ററായും ഉയര്‍ന്നു. ബാറുകള്‍ പൂട്ടിയ മാതൃകയില്‍ ബിയര്‍,വൈന്‍ പാര്‍ലറുകളും പൂട്ടിയാല്‍ സംസ്ഥാനത്ത് മദ്യ ഉപയോഗത്തിന്റെ തോത് കുറയ്ക്കാന്‍ കഴിയുമെന്നു അഡിക് ഇന്ത്യ പറയുന്നു.