കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടി: പിണറായി

Posted on: December 10, 2015 8:46 pm | Last updated: December 11, 2015 at 12:47 am

pinarayi newതിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മന്ത്രി കെ ബാബുവിനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള തിരിച്ചടിയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. എല്ലാ ഘട്ടത്തിലും ബാബുവിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വ്യഗ്രത കാട്ടിയ മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി നടപടി. സര്‍ക്കാര്‍ നിലപാട് കോടതി തള്ളിയിരിക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വഴിവിട്ടു ശ്രമിച്ചെന്നും അന്വേഷണമെന്ന പേരില്‍ നാടകമാണ് നടത്തിയതെന്നുമാണ് വിജിലന്‍സ് കോടതി ഉത്തരവ് തെളിയിക്കുന്നത്. ശരിയായ ത്വരിതാന്വേഷണം നടന്നാല്‍ കെ എം മാണിക്കെതിരെയെന്നപോലെ ബാബുവിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ ബാറുടമാ സംഘടനാ നേതാവില്‍ നിന്ന് കെ ബാബു പത്തുകോടി ആവശ്യപ്പെട്ടെന്നും ആദ്യഗഡുവായി 50 ലക്ഷം 2013 ഒക്‌ടോബര്‍ 31ന് വാങ്ങിയെന്നുമുള്ള വെളിപ്പെടുത്തലിന്റെ രേഖകളാണ് കോടതി പരിശോധിച്ചത്. വിജിലന്‍സിന് വേണ്ടി ഈ കേസിലും കോടതിയെ തെറ്റി ധരിപ്പിക്കാനാണ് ശ്രമിച്ചത്. അഴിമതി ആരോപണം നേരത്തേ തള്ളിക്കളഞ്ഞതാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വിജിലന്‍സിനുവേണ്ടി കോടതിയില്‍ പറഞ്ഞത്, ബാബുവിനെ രക്ഷിക്കാന്‍ നിയമത്തെയും ചട്ടങ്ങളെയും മറികടന്നു എന്നതിന് തെളിവാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.