ഖത്വറും യുനെസ്‌കോയും ധാരണയില്‍

Posted on: December 10, 2015 9:21 pm | Last updated: December 10, 2015 at 9:21 pm

ദോഹ: അടിയന്തര ഘട്ടങ്ങളില്‍ സാംസ്‌കാരികവും പ്രകൃതിപരവുമായ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള യുനെസ്‌കോയുടെ പദ്ധതിയില്‍ ഖത്വര്‍ ഡെവലപ്‌മെന്റ് ഫണ്ടും ഭാഗമായി. പാരീസില്‍ വെച്ച് ഖത്വര്‍ ഡെവലപ്‌മെന്റ് ഫണ്ടും യുനെസ്‌കോയും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതുപ്രകാരം 20 ലക്ഷം ഡോളര്‍ ഗ്രാന്റ് നല്‍കണം. യുനെസ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഒരു കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.
അടിയന്തര ഘട്ടങ്ങളില്‍ പൈതൃക സമ്പത്ത് കാത്തുസംരക്ഷിക്കാന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് യുനെസ്‌കോയുടെ സഹായം ഉറപ്പവരുത്തുന്ന പദ്ധതിയാണ് പ്രോഗ്രാം ഫോര്‍ ഹെറിറ്റേജ് എമര്‍ജന്‍സി പ്രിപ്പേഡ്‌നസ്സ് ആന്‍ഡ് റസ്‌പോണ്‍സ്. സാംസ്‌കാരിക അടയാളങ്ങളെ തുടച്ചുകളയുന്നതിനെതിരെ സജ്ജരാകാന്‍ എല്ലാ രാഷ്ട്രങ്ങളോടും യുനേസ്‌കോ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ തന്നെ പൈതൃക സംരക്ഷണത്തിന് ഖത്വര്‍ ഡവലപ്‌മെന്റ് ഫണ്ട് പ്രതിജ്ഞാബദ്ധമാണെന്നും വിവിധ രാഷ്ട്രങ്ങള്‍ സംഭാവന നല്‍കാന്‍ ഖത്വറിന്റെ ഇടപെടല്‍ സഹായകരമാകുമെന്നും ക്യു ഡി എഫ് ഡയറക്ടര്‍ ജനറല്‍ ഖലീഫ ജാസിം അല്‍ കുവാരി പറഞ്ഞു.