Connect with us

Gulf

അവധി ദിനങ്ങളില്‍ ദുബൈയില്‍ വന്‍ സന്ദര്‍ശക പ്രവാഹം

Published

|

Last Updated

മേജര്‍ ജനറല്‍ മുഹമ്മദ്  അഹ്മദ് അല്‍ മര്‍റി

മേജര്‍ ജനറല്‍ മുഹമ്മദ്
അഹ്മദ് അല്‍ മര്‍റി

ദുബൈ: 44-ാമത് യു എ ഇ ദേശീയദിനത്തിന്റെയും രക്തസാക്ഷി ദിനത്തിന്റെയും ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച അവധി ദിനങ്ങളില്‍ ദുബൈയിലേക്ക് വന്‍ സന്ദര്‍ശക പ്രവാഹമാണ് ഉണ്ടായതെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.
ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ ദിവസത്തെ അവധി ദിനങ്ങളില്‍ മാത്രം 6,96,868 സന്ദര്‍ശകരാണ് വരവും തിരിച്ചു പോക്കും നടത്തിയത്. കര-നാവിക-വ്യോമ മാര്‍ഗത്തിലുടെയാണ് ഇത്രയുമധികം സന്ദര്‍ശകര്‍ രാജ്യത്ത് എത്തിയത്. എന്നാല്‍ ഈകാലയളവില്‍ 8,45,863 സേവനങ്ങളാണ് വകുപ്പ് പൂര്‍ത്തീകരിച്ചു കൊടുത്തത്. ദേശീയദിനത്തിന്റെയും രക്തസാക്ഷി ദിനത്തിന്റെയും ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അവധി ദിനത്തില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നു വരെ അല്‍ തവാര്‍ ന്യൂ സെന്ററിലും, അല്‍ മനാറ ന്യൂ സെന്ററിലും എമിഗ്രേഷന്‍ സേവനം ലഭ്യമാക്കിയിരുന്നു. ഇതിനുപുറമെ ദുബൈ എയര്‍പോര്‍ട്ട് മൂന്നിലെ ആഗമന ഭാഗത്തെ താമസ-കുടിയേറ്റ ഓഫീസ് 24 മണിക്കുറും പ്രവര്‍ത്തിച്ചിരുന്നു. യു എ ഇ പാസ്‌പോര്‍ട്ട് പുതുക്കല്‍, ഇ-ഗേറ്റ് കാര്‍ഡ്, സ്മാര്‍ട് കാര്‍ഡ് രജിസ്‌ട്രേഷന്‍, എംപ്ലോയ്‌മെന്റ് റസിഡന്റ് വിസ, ഹ്രസ്വകാല, ദീര്‍ഘകാല വിസകള്‍, പഠനത്തിനും ചികിത്സക്കുമെത്തുന്നവര്‍ക്കുളള സ്‌പെഷ്യല്‍ എന്‍ട്രി വിസ, എന്‍ട്രിക്കും എക്‌സിറ്റിനും ശേഷം വിസ റദ്ദാക്കല്‍, ഓണ്‍ലൈന്‍ വിസ, ബ്ലാക്ക്‌ലിസ്റ്റ്, അറ്റാച്ചിംഗ് ലേബര്‍ കോണ്‍ട്രാക്റ്റ്, റസിഡന്റ് വിസ പുതുക്കല്‍, വിസയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍, വിസ ട്രാന്‍സ്ഫര്‍, സ്റ്റാറ്റസ് ചെയ്ഞ്ച് എന്നിവയാണ് ഈ അവധി ദിനങ്ങളില്‍ ഇവിടെ നിന്ന് ഉപഭോക്താവ് പൂര്‍ത്തീകരിച്ചു മടങ്ങിയത്.
മൂന്ന് ദിവസം ദുബൈയിലെ കടല്‍ മാര്‍ഗം ഉപയോഗിച്ചത് 771 കപ്പലുകളാണ്. 449 കപ്പലുകള്‍ ദുബൈയിലേക്ക് വരുകയും 322 കപ്പലുകള്‍ തിരിച്ചു പോക്ക് നടത്തുകയും ചെയ്തു. ദുബൈ താമസ-കുടിയേറ്റ വകുപ്പ് വിദേശ കുറ്റക്യത്യ വിരുദ്ധ വിഭാഗം ഈ സമയത്ത് 601 നിയമ വിരുദ്ധ നടപടിയാണ് പിടികൂടിയത്. 35 താമസ-കുടിയേറ്റ വ്യാജരേഖ കേസുകള്‍ ഈ കാലയളവില്‍ പിടികൂടി. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 34 പേരെ ഈ സമയത്ത് പിടികൂടാന്‍ വിദേശ കുറ്റക്യത്യ വിരുദ്ധ വിഭാഗത്തിന് കഴിഞ്ഞു.
ഈ അവധി ദിനങ്ങളില്‍ സഞ്ചാരികളുടെ വര്‍ധിച്ച എണ്ണം മുന്‍കൂട്ടി കണ്ട് രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ വഴികളിലും നടപടി ക്രമങ്ങളുടെ പൂര്‍ത്തീകരണതിന് ആവശ്യത്തിലധികം ജീവനക്കാരെ പ്രത്യേകം പരിശീലനം നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് നിയമിച്ചിരുന്നു. അവധി നാളുകളില്‍ എല്ലാ പ്രവേശ കവാടങ്ങളിലും ജി ഡി ആര്‍ ഫ് എ ജീവനക്കാര്‍ സദാ സേവന സന്നദ്ധരായിരുന്നു. അവരുടെ മികവിനെ അഭിനന്ദിക്കുന്നു എന്ന് മേജര്‍ ജനറല്‍ പറഞ്ഞു. ആരും പ്രതീക്ഷിക്കുന്ന നിലവാരത്തിലും മികവിലുമാണ് എമിഗ്രേഷന്‍ ഈ കാലയളവില്‍ സേവനം നടത്തിയത്. വ്യോമ മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കായി വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. റിസപ്ഷന്‍ ഹാളുകളിലും മറ്റും മികച്ച സേവനങ്ങളുടെ പുത്തനനുഭവം തന്നെയാണ് ദുബൈ എമിഗ്രേഷന്‍ നടപ്പില്‍ വരുത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു.

Latest