മുസ്‌ലിംകള്‍ക്ക് പിന്തുണ അറിയിച്ച് സക്കര്‍ബര്‍ഗ്

Posted on: December 10, 2015 10:41 am | Last updated: December 10, 2015 at 3:14 pm

mark-zuckerberg-facebookന്യൂയോര്‍ക്ക്: ഭീകരാക്രമണങ്ങളുടെ പേരില്‍ മുസ്‌ലിംകളെ ഒറ്റപ്പെടുത്തുന്നതിനെതിരെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലോകമെങ്ങുമുള്ള മുസ്‌ലിംകളെ തന്റെ പിന്തുണ അറിയിക്കുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചിലര്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ മുസ്‌ലിംകള്‍ മുഴുവന്‍ ബുദ്ധിമുട്ടുകയാണ്. ഒരു ജൂതനെന്ന നിലയില്‍ എല്ലാ വിഭാഗം ജനത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും നിലകൊള്ളണമെന്നാണ് തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ചത്. ഇന്ന് തങ്ങള്‍ക്കെതിരെയല്ലെങ്കിലും പിന്നീട് എല്ലാവരുടെ സ്വാതന്ത്ര്യത്തേയും അത് ഹനിക്കും. മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കും സമാധാനപൂര്‍ണവും സുരക്ഷിതവുമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി താന്‍ ഒപ്പമുണ്ടാകും. എല്ലാ വിഭാഗം ജനത്തിനും വേണ്ടി മികച്ചൊരുലോകം നമുക്ക് കെട്ടിപ്പടുക്കാമെന്നും സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

zuc-fb

മുസ്‌ലിംകളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. പ്രസ്താവനയ്‌ക്കെതിരെ അമേരിക്കയിലും വിവിധ രാജ്യങ്ങളിലും വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനുപിന്നാലെയാണ് മുസ്‌ലിംകളെ പിന്തുണച്ച് സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്.