മണ്ണും വേണ്ട വെള്ളവും വേണ്ട ചെടി വളര്‍ത്താന്‍ പുതിയ സാങ്കേതിക വിദ്യ

Posted on: December 10, 2015 9:54 am | Last updated: December 10, 2015 at 9:54 am

കോഴിക്കോട്: ഒരു തരി മണ്ണുപോലുമില്ലാതെ വിളവെടുക്കാന്‍ സാധിക്കുന്ന അക്വാപോണിക്‌സ് കൃഷിരീതിയും ജല സംരക്ഷണത്തിനായുള്ള തിരിനന ജലസേചനവും അഞ്ച് വര്‍ഷത്തോളം വെള്ളമൊഴിക്കാതെ ചെടികളെ വളര്‍ത്താവുന്ന ടെറാറിയം സാങ്കേതികവിദ്യയുമെല്ലാം പരിചയപ്പെടാന്‍ അവസരം.
കോഴി ക്കോട് ജൂബിലി ഹാളില്‍ ആരംഭിച്ച ഗ്രീന്‍വെജ് കര്‍ഷകസംഘത്തിന്റെ കാര്‍ഷിക മേളയാണ് കൃഷിയിലെ നൂതന മാര്‍ഗങ്ങളിലേക്ക് വാതില്‍ തുറന്നത്. അത്യുത്പാദനശേഷിയുള്ള വിത്തുകളും കാര്‍ഷികോത്പന്നങ്ങളും ഉപകരണങ്ങളും ഫലവൃക്ഷത്തൈകളും കാണാനും വാങ്ങാനും മേളയില്‍ അവസരമുണ്ട്.
മണ്ണ് ഉപയോഗിക്കാതെ മീന്‍ വളര്‍ത്തി കൃഷി നടത്തുന്ന രീതിയാണ് അക്വാപോണിക്‌സ്. മീന്‍ വേസ്റ്റ് ആണ് ചെടികള്‍ക്ക് വളമായി ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ അമോണിയ ഉത്പാദിപ്പിക്കുന്ന തിലാപ്പി എന്ന മീനാണ് ഈ കൃഷിക്കായി ഉപയോഗിക്കുന്നത്. സി ഡബ്ല്യൂ ആര്‍ ഡിഎം ജലവിനിയോഗ കര്‍മസേനയാണ് തിരിനന ജലസേചനത്തിന്റെ മാതൃക പ്രദര്‍ശിപ്പിക്കുന്നത്. 40 സ്റ്റാളുകളിലായി ആരംഭിച്ച പ്രദര്‍ശനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വെജ് പ്രസിഡന്റ് ടി ടി യൂനുസ് അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി അസി. ഡയറക്ടര്‍ എസ് ഷീല, ഡോ. കമല ജോസഫ്, സിദ്ദീഖ് തിരുവണ്ണൂര്‍ സംസാരിച്ചു. വ്യാഴാഴ്ച ജൈവകൃഷിയെക്കുറിച്ച് സെമിനാര്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് ഏഴര വരെയാണ് സമയം. 12ന് സമാപിക്കും.