ലിംഗസമത്വം പ്രായോഗികമോ?

ചരിത്രത്തില്‍ എവിടെയാണ് സ്ത്രീപുരുഷ സമത്വമുണ്ടായിട്ടുള്ളത്? വര്‍ത്തമാന കാലത്ത് എവിടെയാണ് സമത്വം കാണാനുള്ളത്? ഒളിമ്പിക്‌സ് മുതല്‍ സ്‌കൂള്‍ തലം വരെയുള്ള കായിക മത്സരങ്ങള്‍ ബലപരീക്ഷണ വേദികളാണ്. കരുത്തിന്റെ ഈ മഹാമേളകള്‍ ആണ്‍ പെണ്‍ വേര്‍തിരിച്ചു നടത്തുന്നതെന്തിനാണ്? ലോകത്തെ മാറ്റിമറിച്ച ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം പരിശോധിക്കുക; സ്ത്രീ അനുപാതം എത്ര ശതമാനമാണ്? ലോകത്ത് വ്യവസായ സാമ്രാജ്യങ്ങള്‍ വളര്‍ന്നുവന്നിട്ടുള്ളത് ബുദ്ധിയുടെയും തന്ത്രങ്ങളുടെയും വിജയമായിട്ടാണ്. ഈ രംഗത്ത് എത്ര വനിതാ പ്രതിഭകളുണ്ടായി? എന്നുവെച്ച്, ഇതൊക്കെ സ്ത്രീകളുടെ ന്യൂനതയല്ല, വൈകല്യമോ ദൗര്‍ബല്യമോ അല്ല. ജന്തുശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമാണ്. മറുപക്ഷത്ത് പുരുഷനുമുണ്ട് ദൗര്‍ബല്യങ്ങള്‍. കാന്തപുരം ചൂണ്ടിക്കാണിച്ചത് അതിലൊന്നാണ്. പുതിയൊരു തലമുറക്ക് ജന്മം നല്‍കുക, അവരെ പരിപാലിച്ച് അന്തസ്സുള്ള പൗരന്മാരാക്കിമാറ്റുക, സാമൂഹികമായ മഹത്കര്‍മമാണിത്, സ്ത്രീകള്‍ക്ക് മാത്രം ചെയ്യാവുന്നത്, പുരുഷന്മാര്‍ക്ക് മത്സരിക്കാനാകാത്തത്, നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രം കഴിയുന്നത്.
Posted on: December 10, 2015 5:18 am | Last updated: December 12, 2015 at 5:44 pm

Gender-equalityഒരു കൈയിന്റെ അഞ്ചു വിരലുകളും സമമായിരിക്കണം എന്ന് ശഠിക്കുന്നതുപോലെയുള്ള ശുദ്ധ അസംബന്ധമാണ് സ്ത്രീപുരുഷ സമത്വവാദം (Gender Equality). ജന്തുശാസ്ത്രം ഇതംഗീകരിക്കുന്നില്ല. നരവംശ ശാസ്ത്രം ഇതിനെതിരാണ്, മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രത്തില്‍ ഒരിടത്തും സ്ത്രീയും പുരുഷനും സമമായിട്ടില്ല. കേവലയുക്തിക്കും നമ്മുടെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗസമത്വം എന്ന ആശയം. സാമൂഹിക നേതൃത്വം, മതനേതൃസ്ഥാനം, ഭരണസാരഥ്യം, യുദ്ധം, വ്യാപാരം, വ്യവസായം, തൊഴില്‍, കായികം, ശാസ്ത്ര സാങ്കേതികം തുടങ്ങി ഒരു മേഖലയിലും സ്ത്രീപുരുഷാനുപാദം തുല്യമായി ഇതുവരെ നാം കണ്ടിട്ടില്ല, ഇപ്പോഴുമില്ല. സത്യത്തില്‍ ഇത് ഒരുപിടി പുരോഗമന വരട്ടുവാദികളുടെ മിഥ്യാഭ്രമങ്ങളാണ്. പടിഞ്ഞാറുനിന്ന് കടല്‍ കടന്നുവന്ന കള്ളപ്പരിഷ്‌കാരങ്ങളിലൊന്ന്. നമ്മുടെ നാടിന്റെ സംസ്‌കാരത്തിനോ പൈതൃകത്തിനോ ചേരാത്ത സാംസ്‌കാരിക മാലിന്യം, മാധ്യമ അപനിര്‍മിതി. ഇപ്പറഞ്ഞതിലപ്പുറം ഒന്നുമല്ല ലിംഗസമത്വവാദം. ഒരേ ഒരിന്ദിര, ഒരു റസിയാ സുല്‍ത്താന, മാഡം ക്യൂറി, പി ടി ഉഷ ഇതൊക്കെ ഒരര്‍ഥത്തില്‍ ആറാം വിരലുകളാണ്. കൗതുകത്തിന് ചേര്‍ക്കാവുന്ന പെട്ടിക്കോളം വാര്‍ത്തകള്‍. അഞ്ച് വിരലിന്റെ സ്വാഭാവികതയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ആറാം വിരലിനെ സാമാന്യവത്കരിക്കരുത്. നൂറ് ശതമാനം വസ്തുതാപരമായ ഒരു കാര്യം പറഞ്ഞതിന് കാന്തപുരത്തെ കുരിശിലേറ്റാന്‍ വന്നവര്‍ ആരോഗ്യകരമായ ഒരു സംവാദത്തിന് തയ്യാറാകണം, പുലഭ്യം പറഞ്ഞു മാന്യന്മാരാകരുത്.
ചരിത്രത്തില്‍ എവിടെയാണ് സ്ത്രീപുരുഷ സമത്വമുണ്ടായിട്ടുള്ളത്? വര്‍ത്തമാന കാലത്ത് എവിടെയാണ് സമത്വം കാണാനുള്ളത്? അവസരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് നമ്മുടെ സ്ത്രീകള്‍ പുരുഷന്മാരെ പോലെ കഴിവ് തെളിയിക്കാത്തത് എന്നാണ് പറയുന്നത്. ശരിയാണോ? രണ്ട് നൂറ്റാണ്ടിലേറെയായി പാശ്ചാത്യന്‍ നാടുകളില്‍ സ്ത്രീ-പുരുഷ സമത്വമുണ്ട്. ഈ നാടുകളില്‍ രണ്ട് തലമുറകളായി സ്ത്രീ എന്ന കാരണത്താല്‍ യാതൊരു വിവേചനവും സ്ത്രീകള്‍ അനുഭവിക്കുന്നില്ല. എന്നിട്ട്, അമേരിക്കയില്‍ എത്ര വനിതാ പ്രസിഡന്റുമാരുണ്ടായി? ബ്രിട്ടനിലെ പ്രധാനമന്ത്രിമാരില്‍ എത്ര വനിതകള്‍ വന്നു- എലിസബത്തും വിക്‌ടോറിയയും അധികാരമില്ലാത്ത പാരമ്പര്യത്തിന്റെ അലങ്കാരചിഹ്നങ്ങള്‍ മാത്രമാണ്. ലോകത്തിലെ ഒന്നാംകിട സൈനികനിര ഈ രാജ്യങ്ങളുടേതാണ്. ഇതിന്റെ തലപ്പത്ത് എത്ര വനിതകള്‍ കടന്നുവന്നു? ഇരിക്കട്ടെ, സ്വതന്ത്രമായി യുദ്ധം നയിച്ച പെണ്‍പടയുടെ ചരിത്രമോ വര്‍ത്തമാനമോ പറയാനുണ്ടോ? ലോകത്തെ മാറ്റിമറിച്ച ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചു നോക്കുക; സ്ത്രീ അനുപാതം എത്ര ശതമാനമാണ്? ലോകത്ത് വ്യവസായ സാമ്രാജ്യങ്ങള്‍ വളര്‍ന്നുവന്നിട്ടുള്ളത് ബുദ്ധിയുടെയും തന്ത്രങ്ങളുടെയും വിജയമായിട്ടാണ്. മൂലധനം മൂന്നാമതാണ്. ഈ രംഗത്ത് എത്ര വനിതാ പ്രതിഭകളുണ്ടായി?
ഒളിമ്പിക്‌സ് മുതല്‍ സ്‌കൂള്‍ തലം വരെയുള്ള കായിക മത്സരങ്ങള്‍ ബലപരീക്ഷണ വേദികളാണ്. കരുത്തിന്റെ ഈ മഹാമേളകള്‍ ആണ്‍പെണ്‍ വേര്‍തിരിച്ചു നടത്തുന്നതെന്തിനാണ്? ഉത്തരം ലളിതം, ഒന്നിച്ചു മത്സരിച്ചു ജയിക്കാനുള്ള കായികശേഷി സ്ത്രീകള്‍ക്കില്ല. ലോക ഒന്നാം നമ്പര്‍ ഓട്ടക്കാരിയെ ഹുസൈന്‍ ബോള്‍ട്ടിനൊപ്പം ഒരേ ട്രാക്കിലിറക്കി മത്സരിപ്പിക്കുക, ഫിനിഷ് ചെയ്തശേഷം തിരിച്ചുവന്ന് പാതി വഴിയില്‍നിന്ന് എതിരാളിയെ ബോള്‍ട്ട് കൂട്ടിക്കൊണ്ടുപോകേണ്ടതായി വരും. ബുദ്ധിയുടെ കളിയാണ് ചെസ്സ്. ഈ കളിയില്‍ ലോക റാങ്കിംഗില്‍ എത്ര വനിതകളുണ്ട്- ഒരേയൊരു ജൂഡിത്ത് പോള്‍ഗാര്‍. ഈ ഹംഗറിക്കാരിയാകട്ടെ ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ്. വനിതാ ടീമിനെ എതിര്‍പക്ഷത്ത് നിറുത്തി ഫുട്‌ബോളോ ഹോക്കിയോ ക്രിക്കറ്റോ കളിക്കാത്തതെന്ത്? കായിക ശേഷിയുടെ പ്രശ്‌നം തന്നെ. ഇതു പറഞ്ഞതിനാണോ എല്ലാവരും ചേര്‍ന്ന് കാന്തപുരത്തെ വേട്ടയാടിയത്?
എന്നുവെച്ച്, ഇതൊക്കെ സ്ത്രീകളുടെ ന്യൂനതയല്ല, വൈകല്യമോ ദൗര്‍ബല്യമോ അല്ല. ജന്തുശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമാണ്. മറുപക്ഷത്ത് പുരുഷനുമുണ്ട് ദൗര്‍ബല്യങ്ങള്‍. കാന്തപുരം ചൂണ്ടിക്കാണിച്ചത് അതിലൊന്നാണ്. പുതിയൊരു തലമുറക്ക് ജന്മം നല്‍കുക, അവരെ പരിപാലിച്ച് അന്തസ്സുള്ള പൗരന്മാരാക്കിമാറ്റുക, സാമൂഹികമായ മഹത്കര്‍മമാണിത്, സ്ത്രീകള്‍ക്ക് മാത്രം ചെയ്യാവുന്നത്, പുരുഷന്മാര്‍ക്ക് മത്സരിക്കാനാകാത്തത്, നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രം കഴിയുന്നത്. സാമൂഹിക ഘടനയുടെ ആധാരശിലയാണ് കുടുംബം. കുടുംബം എന്ന മഹത്തായ സ്ഥാപനത്തെ നിലനിറുത്താന്‍ ഒരു സ്ത്രീ വിചാരിച്ചാലേ കഴിയൂ. എല്ലാ ജന്തുജാലങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടും രണ്ട് വിധത്തിലുള്ള സൃഷ്ടിപ്പാണ്. ഇതിലൊന്ന് പവിത്രവും മറ്റേത് ഹീനവും എന്നില്ല. രണ്ടും തുല്യമാണെങ്കില്‍ പിന്നെന്തിനാണ് പ്രത്യക്ഷമായും പരോക്ഷമായും നാം കാണുന്ന വൈജാത്യങ്ങള്‍? ഒരേപോലെ മതിയായിരുന്നല്ലോ. ഇതു ചോദിച്ചതിനാണ് കാന്തപുരത്തിനെതിരെ വാളെടുത്തത്.
മനുഷ്യന് പറവകളെപ്പോലെ പറക്കാനാകില്ല. എന്നുവെച്ച് ആകാശത്ത് സ്വതന്ത്രമായി വിഹരിക്കുന്ന പക്ഷികളാണ് മനുഷ്യരേക്കാള്‍ കേമന്മാര്‍ എന്ന് പറയാമോ? സ്ത്രീയും പുരുഷനും രണ്ടുതരം സൃഷ്ടിപ്പാണ്, ഈ വൈവിധ്യത്തിന് രണ്ടുതരം ലക്ഷ്യങ്ങളുണ്ട്. രണ്ട് വിഭാഗത്തിനും രണ്ടുതരം ജീവിത ധര്‍മങ്ങളുണ്ട്. ഓരോ വിഭാഗവും അവരവരുടെ കര്‍മങ്ങള്‍ ചെയ്യുക. സ്ത്രീ സ്ത്രീയായിരിക്കുന്നതിലാണ് മഹത്വം, പുരുഷനെപ്പോലെയാകുന്നതിലല്ല; മറിച്ചും. ഒരു കൈയിന്റെ അഞ്ച് വിരലുകള്‍ അഞ്ച് തരത്തില്‍ സൃഷ്ടിച്ചത് അഞ്ച് തരം ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. വിരലുകളഞ്ചും ഒരുപോലെയായിരിക്കണം എന്ന് പറയുന്നത് ദുശ്ശാഠ്യമാണ്.
സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളുണ്ട്. സമാന അളവില്‍ പുരുഷന്മാര്‍ക്കുമുണ്ട്. ഇരു കൂട്ടരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സ്ത്രീയും പുരുഷനും അവരവരുടെ സ്വത്വത്തില്‍ നിന്നുകൊണ്ടാകണം, നടപ്പില്ലാത്ത സമത്വം കൊണ്ടല്ല. പുതുതായി ലിംഗസമത്വവാദം തല പൊക്കിയതിനു പിന്നില്‍ ഒരുപാട് പശുപാലന്മാരുണ്ടെന്നു സംശയിക്കണം. ചുംബന സമരത്തിന് പിന്നിലെ താത്പര്യങ്ങളുടെ വിശാലാര്‍ഥം ലിംഗസമത്വവാദത്തിനുമുണ്ട്. സ്ത്രീ എന്ന യാഥാര്‍ഥ്യം നിന്ദ്യവും പരിഹാസ്യവും അപമാനകരവുമാണെന്ന അവബോധം സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണിത്. നിങ്ങള്‍ ഉത്കൃഷ്ടരാകാന്‍ നിങ്ങളും പുരുഷന്മാരെപ്പോലെയാകണം, എന്നാലേ നിങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന സന്ദേശമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. ജാതീയവും വര്‍ഗപരവുമായ വൈജാത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതുപോലെ സ്ത്രീ-പുരുഷന്‍ എന്ന അന്തരവും ഇല്ലാതാക്കണമത്രേ. ഇനി ‘ഹി’യും ‘ഷി’യും വേണ്ട, ‘അവനും’ ‘അവളും’ ഇല്ല. എല്ലാവരും സമം. ശുദ്ധ ഭോഷ്‌കാണിത്. വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് തെരുവിന്റെ അരക്ഷിതാവസ്ഥയിലേക്ക് സ്ത്രീകളെ വലിച്ചെറിയാനുള്ള കള്ളസൂത്രം. അവിടെ പുതിയ പശുപാലന്മാര്‍ പതിയിരിക്കുന്നുണ്ട്. കമ്പോള ശക്തികളുടെ താത്പര്യങ്ങളും ഈ ക്യാമ്പയിനു പിന്നിലുണ്ടാകാം. നാപ്കിന്‍ മുതല്‍ വജ്രാഭരണങ്ങള്‍ വരെയുള്ള ഉപഭോഗ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് തുണിയുരിഞ്ഞ് നില്‍ക്കാന്‍ വീടിന്റെ സുരക്ഷിതത്വത്തില്‍നിന്നു സ്ത്രീകളെ കിട്ടില്ല. തെരുവില്‍ നിന്നാകുമ്പോള്‍ കാര്യങ്ങള്‍ക്ക് അതിന്റേതായ എളുപ്പമുണ്ട്. സത്യത്തില്‍ കാന്തപുരത്തിന്റെ ചെലവില്‍ സ്ത്രീവിരുദ്ധ പ്രസ്താവന പടച്ചുവിട്ടത് മാധ്യമങ്ങളാണ്. പിന്തിരിപ്പന്‍ എന്ന ചീത്തപ്പേര് ഒഴിവാക്കിക്കിട്ടാനാണ് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വ്യാജ വാര്‍ത്ത ഏറ്റുപിടിച്ചത്. തങ്ങളാഗ്രഹിച്ച തരത്തിലുള്ള ഒരു പ്രതിലോമ ചര്‍ച്ച കാന്തപുരത്തെ മുന്‍നിറുത്തി സംഘടിപ്പിക്കുകയായിരുന്നു, കളി കാന്തപുരത്തോടു വേണ്ട.
കാന്തപുരം പറഞ്ഞത് ശാസ്ത്രീയമായും വസ്തുതാപരമായും ശരിയായ കാര്യങ്ങളാണ്. ശരീരശാസ്ത്രവും(Physiology) ശരീര ഘടനാശാസ്ത്രവും(Anatomy) കാന്തപുരത്തിന്റെ നിലപാടുകള്‍ക്കൊപ്പമാണ്. സ്ത്രീയുടെയും പുരുഷന്റെയും ബാഹ്യവും ആന്തരികവുമായ ശാരീരികാവസ്ഥ(Physique)യില്‍ പ്രകടമായ അന്തരങ്ങളുണ്ടെന്നു ശാസ്ത്രം പറയുന്നു. ചില ഉദാഹരണങ്ങള്‍ കാണുക: പുരുഷന്റെ മസ്തിഷ്‌കത്തിന്റെ തൂക്കം 1375ഗ്രാം, സ്ത്രീയുടേത് 1260ഗ്രാം. പുരുഷഹൃദയത്തിന്റെ ഭാരം 350ഗ്രാം, സ്ത്രീയുടേത് 250ഗ്രാം. കരളിന്റെ തൂക്കവ്യത്യാസം 1600-1500. രക്തത്തിന്റെ അളവ് പുരുഷന് സ്ത്രീയെക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒരു സി സി പുരുഷ രക്തത്തില്‍ 52000 ലക്ഷം ചുവന്ന രക്താണുക്കളുണ്ടാകുമെന്നാണ് കണക്ക്. സ്ത്രീകള്‍ക്കാകുമ്പോള്‍ ഇതില്‍ അഞ്ച് ലക്ഷത്തിന്റെ കുറവുണ്ടാകും. പുരുഷന്റെ നാഡി മിനുട്ടില്‍ 72 തവണ മിടിക്കുമ്പോള്‍ സ്ത്രീയുടേത് 82 തവണ മിടിക്കും. വളരെ പ്രാഥമികവും സാധാരണവുമായ ഇത്തരം ശാസ്ത്രീയ അന്തരങ്ങള്‍ ശാരീരികമായും മാനസികമായും സ്ത്രീ പുരുഷന്മാരെ വേറിട്ടു നിര്‍ത്തുന്നുണ്ട്. ഇത് സ്വാഭാവികമാണ്. പുരുഷന്റെ മിടുക്കോ സ്ത്രീയുടെ വൈകല്യമോ അല്ല. അസമത്വവുമല്ല. വൈവിധ്യവും വൈരുധ്യവും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് നമ്മുടെ പ്രശ്‌നം. തനിക്കറിയാവുന്ന പച്ചപ്പരമാര്‍ഥം പറഞ്ഞതിന് കാന്തപുരത്തെയങ്ങ് ഭസ്മീകരിച്ചു കളയാമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ ആളു മാറിപ്പോയി എന്നേ പറയുന്നുള്ളൂ. വികാരമല്ല, വിവേകമാണ് വിമര്‍ശകരില്‍നിന്നു പ്രതീക്ഷിക്കുന്നത്.
ലിംഗസമത്വം എന്ന ആശയം ആര്‍ക്കു വേണ്ടിയാണ്? ഒരു കാര്യം ഉറപ്പിച്ചു പറയാം. മറ്റാര്‍ക്ക് വേണ്ടിയാണെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടിയല്ല. സമൂഹത്തിലെ ഒരു ശതമാനം സ്ത്രീകള്‍പോലും ഈ പിന്തിരിപ്പന്‍ ആശയത്തെ അനുകൂലിക്കുകയില്ല. പ്രസ്താവനകള്‍ കൊണ്ട് ഉപജീവനം കഴിച്ചുപോകുന്ന ചില പരാന്നജീവികളുണ്ട്. സ്ത്രീകളും അവര്‍ക്ക് പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് ഇവര്‍ ജീവിച്ചിരിക്കുന്നതായി നാട്ടുകാര്‍ അറിയുന്നതും മൂന്ന് നേരം ഇവര്‍ പല്ലരവ് നടത്തുന്നതും. കുടുംബത്തില്‍നിന്ന് വേരറ്റുപോയ ചില തെറിച്ച പെണ്ണുങ്ങളാണ് ലിംഗ സമത്വപ്രസ്ഥാനത്തിന്റെ മറ്റൊരു ഗുണഭോക്താക്കള്‍. പുരോഗമനവും വിപ്ലവവും പ്രസംഗിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് കുടിയിറക്ക് ഭീഷണി നേരിടേണ്ടതായി വരും ചിലര്‍ക്ക്. ഇവര്‍ക്ക് രുചികരമായും നിരുപദ്രവകരമായും വിപ്ലവം തുപ്പാന്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയമാണ് സ്ത്രീസമത്വം. ഇസ്‌ലാമിന്റെ പേരിലുമുണ്ട് ചിലര്‍. ആണുങ്ങളുടെ കഥ കഴിഞ്ഞുവെന്നാണു തോന്നുന്നത്. അവരിപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് തന്നെ പെണ്ണുങ്ങളെക്കൊണ്ടാണ്. മതത്തിന്റെ പേരില്‍ ഇവരിറക്കിയ വ്യാജ ചരക്കുകളത്രെയും മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നിരിക്കുന്നു. ഇനിയിപ്പോള്‍, അവശേഷിക്കുന്നത് പെണ്‍ വിഷയമാണ്. ഇതുകൂടി കൈവിട്ടാല്‍ ഇവര്‍ കട പൂട്ടി വീട്ടില്‍ ചെന്നിരിക്കേണ്ടിവരും- മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
പണവും പദവിയും അധികാരവും കിട്ടാവുന്ന സുവര്‍ണാവസരമായിരുന്നു സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. 50 ശതമാനം സീറ്റിലേക്ക് പെണ്ണുങ്ങളെ ഒപ്പിച്ചെടുക്കാനാകാതെ പാര്‍ട്ടികള്‍ വെള്ളം കുടിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്താ കാര്യം? സ്ത്രീസമൂഹത്തിന് ഈ പുരോഗമന മൂരാച്ചിത്തരത്തോട് യോജിപ്പില്ല. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ തയ്യാറുണ്ടോ? ഒരു സാമ്പിള്‍ കഴിഞ്ഞ വര്‍ഷം നടന്നു. പ്ലസ്ടു ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ ഒരു ബോധവത്കരണ ക്ലാസ് നടത്തിയത് നല്ല വാര്‍ത്തയായിരുന്നു. കാലടി സര്‍വകലാശാലയിലെ ഡോ. രജത് കുമാര്‍ ആയിരുന്നു ട്യൂട്ടര്‍. പതിനായിരക്കണക്കിന് വിദ്യാര്‍ഥിനികള്‍ക്ക് അദ്ദേഹം ക്ലാസെടുത്തു. എതാണ്ട് കാന്തപുരം പരാമര്‍ശിച്ച വിഷയങ്ങള്‍ തന്നെയായിരുന്നു മറ്റൊരു ഭാഷയില്‍ അദ്ദേഹത്തിന്റെതും. കാസര്‍ക്കോട് നിന്നു തുടങ്ങി തിരുവനന്തപുരത്തെത്തുന്നതുവരെ ഒരൊറ്റ പെണ്‍കുട്ടിയും പ്രതിഷേധിച്ചില്ല. തിരുവനന്തപുരത്തെ സമാപന ചടങ്ങില്‍ സ്ത്രീകളുടെ പരിമിതികളെ പരാമര്‍ശിച്ചപ്പോള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് ഒരേ ഒരു പെണ്‍കുട്ടി. ഇതാണു ലിംഗസമത്വ വിഷയത്തില്‍ സ്ത്രീനിലപാടുകളുടെ അനുപാതം- ഒന്നോ രണ്ടോ ലക്ഷത്തില്‍ ഒന്ന്. തിരുവനന്തപുരത്തെ പ്രതിഷേധം തന്നെ ‘അറേഞ്ച്ഡ്’ ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഈയൊരു പെണ്‍കുട്ടിയെ വെച്ച് മീഡിയകള്‍ കുറേ നാളുകള്‍ ഏങ്ങുകയും മോങ്ങുകയും ചെയ്തത് വെറുതെയായി. ഈ വിവാദ കാലത്ത് കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ ഒരു സമ്മേളനം നടന്നു. ഡോ. രജത് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ കെ സുധാകരന്‍ പച്ച മലയാളത്തില്‍ പറഞ്ഞപ്പോള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു വനിതാ സദസ്സ്. ഇതാണ് വസ്തുത. സത്യത്തില്‍, കാന്തപുരത്തെ വേട്ടയാടാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ഉള്ളിരിപ്പ് വേറെയാണ്, അതു നടക്കില്ല. (തുടരും)
ഫോണ്‍- +91 9400501168