Connect with us

International

ട്രംപിന് ബ്രിട്ടനിലേക്ക് പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട് ലക്ഷം പേരുടെ പരാതി

Published

|

Last Updated

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിദ്വേഷം നിറഞ്ഞ പ്രസംഗത്തിനെതിരെ പ്രതിഷേധം ബ്രിട്ടനിലേക്കും പടരുന്നു. ട്രംപിനെ ബ്രിട്ടനിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തിലധികം പേര്‍ പരാതിയില്‍ ഒപ്പ് വെച്ചു. ഇതോടെ ഈ വിഷയം ബ്രിട്ടന്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചക്കിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന ട്രംപിന്റെ പ്രസ്താവന വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ ഈ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ട്രംപിന്റെ പരാമര്‍ശത്തെ എതിര്‍ത്തു. വളരെ തെറ്റായ കാര്യമാണ് ഇതെന്നും വിഭാഗീയത സൃഷ്ടിക്കാന്‍ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പരാമര്‍ശമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടനിലെ രാഷ്ട്രീയക്കാര്‍ മുഴുവന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് വിദ്വേഷ പ്രസംഗകന്‍ എന്നാണ്.
കഴിഞ്ഞ ദിവസമാണ് ട്രംപ് ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ബ്രിട്ടന്‍ സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ ആവശ്യമുയര്‍ന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഈ പരാതിയില്‍ ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ നിയമമനുസരിച്ച് ഒരു ലക്ഷം പേര്‍ ഒപ്പിട്ട് പരാതി നല്‍കിയാല്‍ ഇക്കാര്യം പാര്‍ലിമെന്റിന്റെ ചര്‍ച്ചക്ക് വിധേയമാക്കണം എന്നാണ്. ഏറ്റവും കൂടുതല്‍ പേര്‍ ഒപ്പിട്ടത് ലണ്ടനില്‍ നിന്നും സ്‌കോട്ട്‌ലന്റില്‍ നിന്നുമാണ്.
തികച്ചും വിഡ്ഢിത്തമാണ് അദ്ദേഹത്തിന്റെ ആവശ്യം. മാത്രമല്ല, അമേരിക്കക്കാരെ അപഹസിക്കുന്നതുമാണ് പരാമര്‍ശം. ന്യൂയോര്‍ക്കില്‍ താന്‍ പോകാത്തത് ഡൊണാള്‍ഡ് ട്രംപിനെ കണ്ടുമുട്ടുന്നതിലെ പ്രയാസം ഒഴിവാക്കാനാണെന്നും ലണ്ടന്‍ മേയറായ ജോണ്‍സണ്‍ പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിരവധി പേരെ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തത്വം ബ്രിട്ടനിലേക്ക് വരാനുദ്ദേശിക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കും ബാധകമാക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു.

Latest