കാന്തഹാര്‍ വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം: 37 മരണം

Posted on: December 9, 2015 7:56 pm | Last updated: December 9, 2015 at 11:45 pm

afgan armyകാബൂള്‍: കാണ്ഡഹാര്‍ വിമാനത്താവളത്തിന് നേരെ നടന്ന താലിബാന്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. 35 പേര്‍ക്ക് പരുക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അതേസമയം, ആക്രമണം താലിബാന്‍- അഫ്ഗാന്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
കാണ്ഡഹാര്‍ വിമാനത്താവള കോമ്പൗണ്ടിനുള്ളിലെ കെട്ടിടങ്ങളെയും നാറ്റോയും യു എസും അഫ്ഗാന്‍ സൈന്യവും ഉപയോഗിക്കുന്ന വ്യോമ കേന്ദ്രവുമാണ് തീവ്രവാദികളുടെ ആക്രമണ ലക്ഷ്യമെന്ന് വ്യക്തമായിട്ടുണ്ട്. ഏറെ നേരം നീണ്ടുനിന്ന ഏറ്റുമുട്ടല്‍ അവസാനിച്ചതായി അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. സുരക്ഷ സംബന്ധിച്ച് അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ സമ്മേളനം നടക്കുന്നതിനിടെയാണ് ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ കാണ്ഡഹാറില്‍ നടക്കുന്ന രണ്ടാമത്തെ പ്രധാന ആക്രമണമാണ് ഇത്. തിങ്കളാഴ്ച താലിബാന്‍ തീവ്രവാദികള്‍ കാണ്ഡഹാറിലെ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും മൂന്ന് പോലീസുദ്യോഗസ്ഥരെ വധിക്കുകയും ചെയ്തിരുന്നു. രണ്ട് തീവ്രവാദികളും സംഭവത്തില്‍ കൊല്ലപ്പെട്ടു.
താലിബാന്‍ തീവ്രവാദികള്‍ സൈനിക യൂനിഫോമിലായിരുന്നുവെന്നും ഇവരുടെ കൈവശം എ കെ 47 തോക്കുകള്‍ ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് താലിബാനികളെ മുഴുവന്‍ കൊലപ്പെടുത്തി പ്രദേശത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യം വരുതിയിലാക്കിയത്. സാധാരണക്കാരായ ആളുകള്‍ക്ക് പ്രയാസമോ അപകടമോ സംഭവിക്കാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വമുള്ള സൈനിക നീക്കമായിരുന്നു അഫ്ഗാന്‍ സൈന്യത്തിന്റേത്. അതേസമയം, രാജ്യത്തെ ഏറ്റവും സുരക്ഷിതത്വമുള്ള, സൈനിക സുരക്ഷാ സംവിധാനങ്ങളുള്ള കാണ്ഡഹാര്‍ വിമാനത്താവളത്തിനുള്ളില്‍ താലിബാന്‍ തീവ്രവാദികള്‍ എങ്ങനെ കയറിക്കൂടി എന്ന വിഷയത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
താലിബാനുമായി ചര്‍ച്ചകള്‍ നടത്തി സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമാക്കി പാക്കിസ്ഥാനില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം നടക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി പാക്കിസ്ഥാനിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് അഫ്ഗാന്‍ സൈന്യം കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തി താലിബാനികളെ വകവരുത്തുന്നത്.
ജനാധിപത്യ സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് പരിഹാര വഴിയാകില്ലെന്ന് ഗനി പ്രതികരിച്ചു.