യു എ ഇയുടെ സമഗ്ര വികസനത്തിന് ഐ ഒ ടി സഹായകമാകുമെന്ന് ഇത്തിസാലാത്ത്

Posted on: December 8, 2015 8:37 pm | Last updated: December 18, 2015 at 7:51 pm

etisalathദുബൈ: ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ ഒ ടി) രാജ്യത്തിന്റെ ഭാവി വികസനത്തിന് സഹായകമാകുമെന്ന് ഇത്തിസാലാത്ത്. ഐ ഒ ടിയുമായി ബന്ധപ്പെട്ട് കമ്പനിയുടെ മാര്‍ഗരേഖകള്‍ ഇത്തിസാലാത്ത് പുറത്തുവിട്ടു. യു എ ഇയുടെ ഓരോ സ്പന്ദനവും ഐ ഒ ടിയാണെന്ന് ഇത്തിസാലാത്ത് വ്യക്തമാക്കുന്നു. രാജ്യാന്തരതലത്തില്‍ 5,000 കോടി ഉപകരണങ്ങളെയായിരിക്കും ഐ ഒ ടി 2020 ഓടെ ബന്ധിപ്പിക്കുക.
കമ്പനികള്‍, സ്മാര്‍ട് സിറ്റികള്‍, ഉപഭോക്തൃ കേന്ദ്രീകൃത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, റീട്ടെയില്‍, സേവനങ്ങള്‍, ഗതാഗതം, ആരോഗ്യരംഗം, കെട്ടിട നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഇതുവഴി മാറ്റമുണ്ടാകും. സാങ്കേതിക രംഗത്തെ കുതിച്ചു കയറ്റം ഉപകരണാധിഷ്ഠിത വ്യവസായ മേഖലകളില്‍ പുതിയ ചുവടുറപ്പിക്കാന്‍ സഹായകമാകും. കേന്ദ്രീകൃത സംവിധാനവുമായി ബന്ധപ്പെടുത്തിയ കാറുകള്‍, ഫഌറ്റ് മാനേജ്‌മെന്റ,് സ്മാര്‍ട് മീറ്ററുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗെയിം കണ്‍സോളുകള്‍, ധരിക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങി സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഐ ഒ ടി നിര്‍ണായകമാകും.
2020 ഓടെ ലോകത്തിലെ എനര്‍ജി മീറ്ററുകള്‍ സ്മാര്‍ട് മീറ്ററുകളിലേക്കു മാറും. വ്യക്തിഗതമായ വിവരങ്ങള്‍ ആരോഗ്യ പരിരക്ഷ മേഖലക്കു ലഭ്യമാകുന്നതോടെ ആരോഗ്യ പരിപാലനം സ്മാര്‍ടാകും. ഗതാഗതം വഴിയുണ്ടാകുന്ന കാര്‍ബണ്‍ പുറംതള്ളല്‍ 50 ശതമാനം കുറയും. പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ വ്യാപകമാകുന്നതോടെ ബന്ധപ്പെട്ട വ്യവസായങ്ങളും വര്‍ധിക്കും. സെന്‍സറുകള്‍ സംവിധാനത്തിലെ നിര്‍ണായക ഘടകമാകും. സ്റ്റാര്‍ട്ട് അപ്പുകളുടെയും വ്യവസായ സംരംഭകരുടെയും എണ്ണം രാജ്യാന്തരതലത്തില്‍ വളരെയേറെ വര്‍ധിക്കും.
യു എ ഇയുടെ നേതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്ന സ്മാര്‍ട് സംവിധാനങ്ങള്‍ ഐ ഒ ടിയില്‍ അധിഷ്ഠിതമാണ്. പരസ്പര ബന്ധിതമായ അടിസ്ഥാന സൗകര്യമാണ് യു എ ഇ വിഭാവനം ചെയ്തിരിക്കുന്നത്.