കാലിക്കറ്റിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ്; പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ

Posted on: December 8, 2015 8:05 pm | Last updated: December 8, 2015 at 8:34 pm

ദോഹ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ ഇന്ത്യക്കാരന് മൂന്നു വര്‍ഷം തടവ്. പ്രതിയുടെ അസാന്നിധ്യത്തിലാണ് ദോഹ ക്രമിനല്‍ കോടതി ശിക്ഷ വിധിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 2006ല്‍ ബി എസ് സി ബിരുദം പാസായ സര്‍ട്ടിഫിക്കറ്റാണ് വ്യാജമായി തയ്യാറാക്കിയതെന്ന് പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു.
തടവ് കാലാവധിക്കു ശേഷം നാട് കടത്താനും കോടതി ഉത്തരവിട്ടു. മറ്റൊരു രേഖയില്‍ നിന്ന് ഇളക്കിയെടുത്ത ഔദ്യോഗിക സ്റ്റിക്കര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ പതിച്ചതായി കണ്ടെത്തി. മുംബൈയിലെ ഖത്വര്‍ എംബസിയുടെ വ്യാജ സീലും സര്‍ട്ടിഫിക്കറ്റില്‍ പതിച്ചിരുന്നു. പിന്നീട് ഈ സര്‍ട്ടിഫിക്കറ്റ് ഇയാള്‍ ദോഹ വിദേശകാര്യ മന്ത്രാലയത്തില്‍ അറ്റസ്‌റ്റേഷന് സര്‍മര്‍പ്പിച്ചു. ഓഫീസിലെ ഉദ്യോഗസ്ഥന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നുകയും ഫോറന്‍സിക് പരിശോധനക്ക് സമര്‍പ്പിക്കുകയുമായിരുന്നു. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് വേണ്ടി ഏജന്റിന് 20,000 രൂപ നല്‍കിയാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്നും കോടതി വ്യക്തമാക്കി.