Connect with us

National

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും 19ന് കോടതിയില്‍ ഹാജരാകണം

Published

|

Last Updated

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിസംബര്‍ 19ന് ഹാജരാകണമെന്ന് കോടതി. ഡല്‍ഹി പാട്യാല കോടതിയുടേതാണ് നിര്‍ദേശം. കേസ് രാഷ്ട്രീയ പകപോക്കലാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി രാഷ്ട്രീയം വൈരം തീര്‍ക്കുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇരു സഭകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കേസില്‍ തനിക്ക് ആശങ്കയില്ലെന്നും ഇന്ദിരയുടെ മരുമകളായ തനിക്ക് ആരേയും ഭയമില്ലെന്നും സോണിയ പറഞ്ഞു. കേസ് രാഷ്ട്രീയ പകപോക്കലാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ നിഗമനത്തിന് വിടുന്നെന്നായിരുന്നു സോണിയയുടെ മറുപടി. ഇന്നായിരുന്ന ഇരുവരും കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ കേസ് 19ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരകണമെന്ന ഉത്തരവിനെതിരെ ഇരുവരും നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിനെതിരെ ഇന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പരാതി ഫയല്‍ ചെയ്തത്. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, മോത്തിലാല്‍ വോറ തുടങ്ങിയവരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Latest