Connect with us

Articles

ചൈന: പച്ചിലയുടെയും ആടിന്റെയും ഉപമ

Published

|

Last Updated

വര്‍ഷങ്ങളായി കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട്. പച്ചില കാട്ടി ആടിനെ കൂട്ടില്‍ കയറ്റുന്ന ഏര്‍പ്പാടാണിത്. കാണിക്കുകയേ ഉള്ളൂ, കടിക്കാന്‍ സമ്മതിക്കില്ല. ചൈനീസ് നാണയമായ യുവാനെ ഐ എം എഫിന്റെ റിസര്‍വ് കറന്‍സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അമേരിക്കക്ക് തൊട്ടു താഴെ ലോകത്തിന്റെ സാമ്പത്തിക വിക്ടറി സ്റ്റാന്‍ഡില്‍ രണ്ടാം സ്ഥാനത്ത് കയറി നില്‍ക്കുന്ന ചൈനക്ക് ഇങ്ങനെയൊരു കൊതിയുണ്ടാകുക സ്വാഭാവികം. ചില്ലറ കാര്യമല്ല ഈ റിസര്‍വ് പട്ടം. ലോകത്തെ നിയന്ത്രിക്കുന്ന സാമ്പത്തിക സ്ഥാപനമാണ് ഐ എം എഫ്. ബദലുകളൊന്നും കാറ്റ് പിടിക്കാത്ത കാലത്തോളം അത് തന്നെയാണ് പരമം. അങ്ങനെയുള്ള ഐ എം എഫ് ഇതിനകം നാല് കറന്‍സികളെ മാത്രമേ റിസര്‍വ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളൂ. യു എസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, ജപ്പാനീസ് യെന്‍, യൂറോപ്യന്‍ യൂനിയന്റെ യൂറോ എന്നിവയാണ് അവ. ഈ കറന്‍സികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരമുണ്ട്. ഏത് രാജ്യത്തിനും അതിന്റെ നീക്കിയിരിപ്പ് പണം ഈ കറന്‍സികളിലേക്ക് മാറ്റി സൂക്ഷിക്കാം. അംഗരാജ്യങ്ങളുടെ വിദേശ വിനിമയ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റിന്റെ അടിസ്ഥാനം ഇത്തരം നീക്കിയിരിപ്പായിരിക്കും. ഈ നീക്കിയിരിപ്പിന്റെ ബലത്തില്‍ സ്വന്തം കറന്‍സിയെ അന്താരാഷ്ട്ര അംഗീകാരമുള്ള കറന്‍സിയിലേക്ക് മാറ്റാന്‍ അംഗരാജ്യങ്ങള്‍ക്ക് സാധിക്കും. റിസര്‍വ് കറന്‍സി പട്ടികയിലുള്ള രാജ്യങ്ങളുമായി വ്യപാര ബന്ധത്തിലേര്‍പ്പെടാന്‍ ഏത് രാജ്യത്തിനും വലിയ താത്പര്യമാകും. കാരണം ആഗോള സ്വീകാര്യതയുള്ള നാണയമാണ് അവരുടെ കൈയിലുള്ളത്. സ്വര്‍ണം കഴിഞ്ഞാല്‍ ഏറ്റവും സ്വീകാര്യതയുള്ള സാധനമാകും ആ നാണയം. അതാണ് പറഞ്ഞത്, ചില്ലറ കാര്യമല്ല ഈ റിസര്‍വ് കറന്‍സി പട്ടിക.
സൂപ്പര്‍ പദവിയിലേക്ക് കുതിക്കുന്ന ചൈന ഏറെക്കാലമായി അപേക്ഷ നല്‍കി കാത്തിരിപ്പായിരുന്നു. പക്ഷേ ഐ എം എഫ് മേലാളന്‍മാര്‍ കനിഞ്ഞില്ല. അവര്‍ക്ക് ചൈനയെ വിശ്വാസം പോരായിരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന് വേഗം പോരെന്നതായിരുന്നു പരാതി. പരാതിയൊക്കെയുണ്ടെങ്കിലും റിസര്‍വ് തൊപ്പി തരില്ലെന്ന് തീര്‍ത്ത് പറഞ്ഞതുമില്ല. പച്ചില കാട്ടിക്കൊണ്ടേയിരുന്നു. അതിനൊപ്പിച്ച് ചൈന വന്‍ പരിഷ്‌കരണത്തിന് തയ്യാറായി. കമ്പോളത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിച്ച് നിര്‍ത്തിയിരുന്ന യുവാനെ കമ്പോള വ്യതിയാനങ്ങളുടെ വെയിലത്തേക്ക് ഇറക്കി നിര്‍ത്തി. സാമൂഹിക സുരക്ഷാ നിധികളിലെ പണം മുഴുവന്‍ ഓഹരി കമ്പോളത്തില്‍ ഇറക്കി. സ്വകാര്യ സ്വത്തിനും സംരംഭകത്വത്തിനുമുള്ള നിയന്ത്രണം മിക്കതും നീക്കി. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാത്രമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനം വിളിച്ചു. കമ്പോളക്കളിയില്‍ അഭിരമിക്കാന്‍ തുടങ്ങിയതോടെ അത്തരം കളികളുടെ കൂടപ്പിറപ്പായ മാന്ദ്യവും വന്നു. ഈ വര്‍ഷം മധ്യത്തില്‍ ലോകത്തെ പിടിച്ചു കുലുക്കിയ മാന്ദ്യത്തിന്റെ പ്രഭവ കേന്ദ്രം ചൈനയായിരുന്നു. കമ്യൂണിണിസ്റ്റ് പതാക എന്നോ അഴിച്ച് അട്ടത്ത് വെച്ചിരിക്കുന്നു. സോഷ്യലിസ്റ്റ് പതാക പകുതി താഴ്ത്തിക്കെട്ടിയ നിലയിലാണ്. മെല്ലെ ഉയരുന്നത് കമ്പോള ക്രമത്തിന്റെ പതാകയാണ്. പരിഷ്‌കരണത്തിന്റെ നട്ടുച്ചയിലേക്ക് നടക്കുകയാണ് ചൈന. ഈ സാഹചര്യത്തില്‍ ചൈനയെ ഇനിയും കൊതിപ്പിച്ച് നിര്‍ത്തേണ്ടെന്ന് ഐ എം എഫ് അധികാരികള്‍ തീരുമാനിച്ചിരിക്കുന്നു. 188 അംഗരാജ്യങ്ങളും അനുകൂലമായി വോട്ട് ചെയ്തതോടെ ചൈനീസ് കറന്‍സിയായ യുവാന്‍, റിസര്‍വ് ബാസ്‌കറ്റില്‍ ഇടം നേടിയിരിക്കുന്നു.
1999ല്‍ യൂറോയെ റിസര്‍വ് പട്ടികയിലേക്ക് എടുത്തതില്‍ പിന്നെ ആദ്യത്തെ പ്രവേശം. ജപ്പാന് പിറകേ രണ്ടാമത്തെ ഏഷ്യന്‍ രാജ്യം. അര്‍ഹതക്കുള്ള അംഗീകാരമെന്നും ആഗോള സാമ്പത്തിക ക്രമം ചൈനയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുവെന്നതിന്റെ തെളിവെന്നും പീപ്പിള്‍സ് ബേങ്ക് ഓഫ് ചൈന പ്രതികരിക്കുന്നു. ആഗോള വ്യാപാരത്തിന്റെ 15 ശതമാനം കൈയാളുന്നത് ചൈനയാണ്. ഏറ്റവും വലിയ ജനസംഖ്യ അവിടെയാണ് ഉള്ളത്. ജി 20 കൂട്ടായ്മയുടെ അടുത്ത അധ്യക്ഷ സ്ഥാനം ബീജിംഗിനാണ്. എല്ലാ വന്‍കരകളിലും അതിന് നിക്ഷേപമുണ്ട്. എല്ലാ സാമ്പത്തിക ശക്തികളും ചൈനയില്‍ നിക്ഷേപിക്കാന്‍ വെമ്പല്‍ കൊള്ളുകയാണ്. ആഗോള രാഷ്ട്രീയത്തിലും ചൈനക്ക് ബഹുമാന്യമായ സ്ഥാനമുണ്ട്. യു എന്നില്‍ വീറ്റോ അധികാരമുണ്ട്. അതുകൊണ്ട് അനിവാര്യമായ രാഷ്ട്രീയ വിജയമാണ് ചൈന നേടിയിരിക്കുന്നത്. പുറത്ത് പറഞ്ഞില്ലെങ്കിലും അമേരിക്കക്ക് ഈ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിരുന്നുവെന്നാണ് സത്യം. യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവന ഇതിന് തെളിവാണ്. ഐ എം എഫ് ഭരണസമിതിയുടെ തീരുമാനത്തെ യു എസ് പിന്തുണക്കുന്നുവെന്ന തണുത്ത പ്രതികരണമാണ് ഒബാമ ഭരണകൂടം നടത്തിയത്. ചില യു എസ് സെനറ്റര്‍മാര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചൈന ഇക്കാലം വരെ നടത്തിയ നാണയച്ചതികളെയാകെ ശരി വെക്കുകയാണ് ഐ എം എഫ് ചെയ്തതെന്ന് സെനറ്റര്‍ ബോബ് കാസെ കുറ്റപ്പെടുത്തുന്നു.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഒക്‌ടോബറോടെ ചൈനീസ് കറന്‍സി സമ്പൂര്‍ണ റിസര്‍വ് നാണയമായി മാറുമ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കാന്‍ പോകുന്നത്? ഒരു ഏഷ്യന്‍ രാജ്യത്തെ പാശ്ചാത്യ ശക്തികള്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നുവെന്ന് ആഘോഷിക്കുകയാണോ വേണ്ടത്? അമേരിക്കന്‍ ഡോളറിനെ നിലക്ക് നിര്‍ത്താന്‍ ഇനി ചൈനീസ് യെന്‍ ഉണ്ടാകുമെന്ന് വീമ്പ് പറയാന്‍ സമയമായോ? അതോ ചൈന വന്‍ ചതിക്കുഴിയിലാണോ പതിച്ചിരിക്കുന്നത്? ഈ ഔദാര്യത്തിലും വിജയച്ചിരി ചിരിക്കുന്നത് സാമ്രാജ്യത്വ സാമ്പത്തിക ശക്തികള്‍ തന്നെയാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തേണ്ടത് ഐ എം എഫിന്റെ ചരിത്രത്തില്‍ നിന്നാണ്.
രണ്ടാം ലോകമഹായുദ്ധം ഒടുങ്ങിയപ്പോള്‍ ജയിച്ച ശക്തികള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആലോചന തുടങ്ങി. ഇനിയൊരു യുദ്ധം ഉണ്ടാകുന്നത് തങ്ങള്‍ക്ക് ഗുണകരമല്ല. കൊളോണിയലിസം അസ്തമിക്കുകയാണ്. യുദ്ധത്തിന്റെ സാമ്പത്തിക ഭാരം താങ്ങാന്‍ കോളനികളില്‍ നിന്ന് പണം അടിച്ചു മാറ്റുന്നത് ഇനി നടക്കാന്‍ പോകുന്നില്ല. ഒറ്റ വഴിയേ ഉള്ളൂ. സമാധാനം. പക്ഷേ സമാധാന കാലത്തും തങ്ങളുടെ മേധാവിത്വം അപ്പടി നിലനില്‍ക്കണം. അതിനായി അവര്‍ യു എന്നുണ്ടാക്കി. വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ എന്നിവ മാറി. ലോകത്ത് നടക്കാന്‍ പോകുന്ന എല്ലാ രാഷ്ട്രീയ ഇലയനക്കങ്ങളുടെയും വിധാതാക്കളായി ഈ വന്‍ ശക്തികള്‍ പരിണമിച്ചു. യുദ്ധം കഴിഞ്ഞപ്പോള്‍ സാമ്പത്തിക മേധാവിത്വം നിലനിര്‍ത്തുന്നതിനെക്കുറിച്ചും ആലോചന തുടങ്ങി. സാമ്പത്തിക ഏറ്റുമുട്ടല്‍ ഇനി വേണ്ട. പകരം സഹകരണം തുടങ്ങാം. അങ്ങനെയാണ് പ്രമുഖ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്‌നാര്‍ഡ് കെയിന്‍സിന്റെ സിദ്ധാന്തം വന്‍ ശക്തികള്‍ സ്വീകരിക്കുന്നത്. കെയിന്‍സിന്റെ മുതലാളിത്ത രക്ഷാ പാക്കേജിന്റെ തുടര്‍ച്ചയായിരുന്നു ബ്രട്ടന്‍വുഡ്‌സ് സിസ്റ്റം. 44 രാജ്യങ്ങളാണ് ബ്രട്ടന്‍വുഡ്‌സ് സഖ്യത്തില്‍ ഒപ്പു വെച്ചത്. സോവിയറ്റ് യൂനിയന്റെ പ്രതിനിധി ബ്രട്ടന്‍വുഡ്‌സിലെത്തിയിരുന്നെങ്കിലും ഈ ഏര്‍പ്പാട് വാള്‍സ്ട്രീറ്റിന്റെ തുടര്‍ച്ചയാണെന്ന് വിലയിരുത്തി പിന്‍വാങ്ങുകയായിരുന്നു.
സുസ്ഥിരവും ശക്തവുമായ ഏതാനും രാജ്യങ്ങളിലെ കറന്‍സികളെ റിസര്‍വ് കറന്‍സിയായി പ്രഖ്യാപിക്കുവാനും ആ കറന്‍സികള്‍ വഴി ആഗോള വിനിമയം സാധ്യമാക്കാനും ബ്രട്ടന്‍വുഡ്‌സില്‍ തീരുമാനമായി. അന്ന് അമേരിക്ക അതിനെ എതിര്‍ത്തതാണെന്നോര്‍ക്കണം. അവര്‍ പറഞ്ഞത് ഡോളറിന് മാത്രമേ റിസര്‍വ് കറന്‍സിയാകാന്‍ യോഗ്യതയുള്ളൂ എന്നായിരുന്നു. പക്ഷേ സഖ്യത്തിന് മുന്നില്‍ ഈ വാദം നിലംപരിശായി. ബ്രട്ടന്‍വുഡ്‌സ് ധാരണയാണ് ഐ എം എഫിനും പിന്നീട് ലോകബേങ്ക് ആയിത്തീര്‍ന്ന ഇന്റര്‍നാഷനല്‍ ബേങ്ക് ഫോര്‍ റി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിനും അസ്തിവാരമിട്ടത്. പിന്നെ ശീതസമരം വന്നു. സോവിയറ്റ് യൂനിയന്‍ സമാന്തര ശക്തിയായി. ലോകമഹായുദ്ധത്തില്‍ തോറ്റമ്പിയ ജര്‍മനിയും ജപ്പാനും വന്‍ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വന്നു. ഇതോടെ പഴയ ശത്രുത തത്കാലം ഉപേക്ഷിക്കുകയും ഈ ശക്തികളെക്കൂടി കൂടെക്കൂട്ടുകയും ചെയ്യാന്‍ അമേരിക്കന്‍ ചേരി തയ്യാറായി. അങ്ങനെ ചെയ്യുന്നതിന്റെ യുക്തി തികച്ചും ലളിതമായിരുന്നു. ഒരു ബദല്‍ സാമ്പത്തിക ചേരി രൂപപ്പെടരുത്. അമേരിക്കന്‍ ചേരിയുടെ മേധാവിത്വം നഷ്ടപ്പെടരുത്. അത്രമാത്രം. ലോകത്ത് ആഗോള സുരക്ഷിതത്വത്തിനെന്ന പേരില്‍ ഉണ്ടായ ഐക്യരാഷ്ട്രസഭയും ആഗോള സാമ്പത്തിക സുസ്ഥിതിക്ക് വേണ്ടി രൂപവത്കരിച്ചുവെന്ന് പറയുന്ന ഐ എം എഫും ഏകധ്രുവ ലോകത്തെയാണ് പരിപോഷിപ്പിച്ചതെന്ന് ചുരുക്കം.
ഇന്ന് ചൈനയെ റിസര്‍വ് കറന്‍സിപ്പട്ടത്തിലേക്ക് ആനയിക്കുമ്പോഴും അത് തന്നെയാണ് സംഭവിക്കുന്നത്. ചൈന ഇന്ന് വന്‍ സാമ്പത്തിക ശക്തിയായിത്തീര്‍ന്നിരിക്കുന്നു. അത് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബേങ്ക് പോലുള്ള സമാന്തര സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ഘട്ടത്തില്‍ രണ്ട് കാര്യങ്ങള്‍ നടക്കണമെന്ന് ഐ എം എഫിലെ ബുദ്ധി കേന്ദ്രങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ഒന്ന് ചൈനയെ ഒരു ബദല്‍ സമ്പദ്‌വ്യവസ്ഥയാകാന്‍ അനുവദിക്കരുത്; സമ്പൂര്‍ണ കമ്പോള സാമ്പത്തിക ശക്തിയായി അധഃപതിപ്പിക്കണം. രണ്ട് ചൈനയെ സ്വതന്ത്രമായി വിടരുത്. അവര്‍ ഈ ചട്ടക്കൂടില്‍ വരണം. ഈ രണ്ട് ലക്ഷ്യങ്ങളും യുവാന്റെ പുതിയ സ്ഥാനലബ്ധിയോടെ നിവര്‍ത്തിച്ചിരിക്കുകയാണ്. തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് ഐ എം എഫ് മേധാവി ക്രിസ്റ്റിനാ ലഗാര്‍ഡേ പറഞ്ഞതില്‍ ഈ ആശ്വാസവും ഭാവിയിലേക്കുള്ള ആഹ്വാനവുമുണ്ട്: “ചൈന നടത്തിയ പരിഷ്‌കരണ നടപടികളുടെ അംഗീകാരമാണ് പുതിയ തീരുമാനം. മാത്രമല്ല കൂടുതല്‍ പരിഷ്‌കാരങ്ങള്‍ അവരില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നുവെന്നതിന്റെ തെളിവുമാണത്”. എന്നുവെച്ചാല്‍ മുതലാളിത്ത രാജ്യമായി കൊണ്ടിരിക്കുന്ന ചൈനയുടെ നാണയമാണ് റിസര്‍വ് കറന്‍സിയായിരിക്കുന്നത്. സമ്പൂര്‍ണ മുതലാളിത്തമാകാനുള്ള മധുരമാണ് ഈ അംഗീകാരം.
ഒരു കാര്യ കൂടി പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. കഴിഞ്ഞ ഒരു ദശകമായി മുതലാളിത്ത കമ്പോള ശക്തികളെയെല്ലാം മാന്ദ്യത്തിന്റെ മലമ്പനി പല തവണ തളര്‍ത്തുകയുണ്ടായി. പനിച്ചു വിറച്ചതും തകര്‍ന്നു വീണതും അമേരിക്കയടക്കമുള്ള വമ്പന്‍ രാജ്യങ്ങളാണ്. കരയറാനാകാത്ത തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയത് ഇവിടങ്ങളിലെ കറന്‍സികളും. എന്നാല്‍ ഇക്കാലയളവിലെല്ലാം വലിയ പരുക്കേല്‍ക്കാതെ പിടിച്ചു നിന്ന അനുഭവമാണ് ചൈനക്കുള്ളത്. അതുകൊണ്ട് ഇനിയൊരു മാന്ദ്യമുണ്ടാകുമ്പോള്‍ അതിന്റെ ആഘാതം പങ്കുവെക്കാനും പ്രതിക്രിയകള്‍ ആലോചിക്കാനും ചൈന വേണമെന്ന് യു എസ് ഒഴിച്ചുള്ള വന്‍ ശക്തികള്‍ ആഗ്രഹിക്കുന്നു. ഈ നീക്കം ഒരര്‍ഥത്തില്‍ ദീര്‍ഘകാലമായുള്ള അകറ്റി നിര്‍ത്തലിനുള്ള പരിഹാരമാണ്. മറ്റൊരര്‍ഥത്തില്‍ തുല്യ ദുഃഖത്തിലേക്കുള്ള വലിച്ചിഴക്കലുമാണ്. ഒരു കാര്യമുറപ്പാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക് ഈ തീരുമാനം പ്രത്യക്ഷത്തില്‍ ഉണര്‍വുണ്ടാക്കും. കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങള്‍ വിറ്റു പോകും. സ്വന്തം കറന്‍സിയില്‍ തന്നെ വ്യാപാരം നടത്താം. യുവാന്‍ ഡോളറിന് തൊട്ടു പിന്നിലായി യുവാന്‍ നില്‍ക്കും. യെന്നും യൂറോയും പിന്നാക്കം പോകും. ചൈനയിലേക്ക് വന്‍ വിദേശ മൂലധന പ്രവാഹം ഉണ്ടാകും. പക്ഷേ, ആ പ്രവാഹം എത്രനാള്‍? മാന്ദ്യത്തിന്റെ കാലൊച്ച ദൂരേ നിന്ന് കേട്ടാല്‍ മതിയാകും. മൂലധനക്കാര്‍ മുഴുവന്‍ പാലം വലിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്