Connect with us

Kerala

ഋഷിരാജ് സിംഗിനും ലോക്‌നാഥ് ബഹ്‌റക്കും ജോലിയില്‍ പ്രവേശിക്കാന്‍ അന്ത്യശാസനം

Published

|

Last Updated

തിരുവനന്തപുരം: ഡി ജി പിമാരുടെ നിയമനം സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച് ഐ പി എസ് അസോസിയേഷന്റെ പ്രമേയം. ഐ പി എസുകാരോട് വിവേചനം കാട്ടുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണണെന്നും പ്രമേയം ആവശ്യപ്പെട്ടു.
അതേസമയം. ജയില്‍ മേധാവിയായി നിയമിച്ച ഋഷിരാജ് സിംഗിനോടും ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ച ലോക്‌നാഥ് ബഹ്‌റയോടും ഇന്ന് ചുമതലയേല്‍ക്കണമെന്ന് ആഭ്യന്തര വകുപ്പ് അന്ത്യശാസനം നല്‍കിയതായാണ് വിവരം. വിജിലന്‍സ് ഡയറക്ടറുടെ ഡി ജി പി കേഡര്‍ തസ്തിക ഒഴിഞ്ഞുകിടക്കവെ, തങ്ങളെ ആ പദവിയിലേക്കു പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇരുവരും ചുമതലയേല്‍ക്കാതെ 18 വരെ അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇന്ന് ചുമതലയേറ്റില്ലെങ്കില്‍ പദവികളില്‍ പകരം ആളെ നിയമിക്കുമെന്ന് ആഭ്യന്തര വകുപ്പ് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ഇതിനിടെ നിലവിലുള്ള ഡി ജി പിമാരേക്കാള്‍ സര്‍വീസുള്ള കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി കേരള കേഡര്‍ ഡി ജി പിമാരെ തിരികെ വിളിച്ച് സ്ഥാനമാറ്റ വിഷയം അവസാനിപ്പിക്കാനും ശ്രമം നടക്കുന്നതായി സൂചനയുണ്ട്. ദിനേശ്വര്‍ ശര്‍മ, മഹേഷ് കുമാര്‍ സിംഗ്ല, അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരെയാണ് കേരളത്തിലെത്തിക്കാന്‍ ആഭ്യന്തര വകുപ്പ് നീക്കം നടത്തുന്നത്.
ഇന്നലെ ഡി ജി പി ലോക്‌നാഥ് ബഹ്‌റ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉദ്യോഗസ്ഥര്‍ എവിടിരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്ക് പരോക്ഷ വിയോജിപ്പുമായാണ് ഐ പി എസ് അസോസിയേഷന്‍ രംഗത്തെത്തിയത്. സ്ഥാനമാറ്റത്തില്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയ ലോക്‌നാഥ് ബഹ്‌റക്കും ഋഷിരാജ് സിംഗിനും യോഗം പിന്തുണ പ്രഖ്യാപിച്ചു. ഇവരുടെ വാദങ്ങള്‍ക്ക് കഴമ്പുണ്ടെന്നും ഇതിനനുസരിച്ചുള്ള തീരുമാനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഡി ജി പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് ഡി ജി പി സ്‌കെയിലില്‍ ശമ്പളം ലഭിക്കണമെന്ന് ഐ പി എസ് അസോസിയേഷനില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡി ജി പി തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഐ പി എസുകാരുടെ എണ്ണത്തിന് ആനുപാതികമായി ഡി ജി പിമാരുടെ എണ്ണത്തിലും വര്‍ധന വരുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡി ജി പി തസ്തികയില്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ശമ്പള സ്‌കെയില്‍ അടക്കം പുനര്‍ നിശ്ചയിച്ചതിനുശേഷം മാത്രമേ നിയമിക്കാവു. ലിഖിതമായ നിയമങ്ങള്‍ അനുസരിച്ചാകണം തസ്തികകള്‍ നിശ്ചയിക്കാനെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടും. ഡി ജി പിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം സംബന്ധിച്ച് നിയസഭയില്‍ വാദപ്രദിവാദം രൂക്ഷമായതിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് ഐ പി എസ് അസോസിയേഷന്‍ യോഗം ചേര്‍ന്നത്. ഉദ്യോഗസ്ഥര്‍ എവിടെയിരിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരോ പ്രതിപക്ഷമോ അല്ലെന്നും സര്‍ക്കാറാണെന്നുമുള്ള ആഭ്യന്തരമന്ത്രിയുടെ നിലപാടിന് തൊട്ടുപിന്നാലെയാണ് സ്ഥാനമാറ്റത്തില്‍ പ്രതിഷേധിച്ച ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി ഐ പി എസ് അസോസിയേഷന്‍ രംഗത്തു വന്നത്.

Latest