ദാവൂദിന്റെ സ്വത്ത് ലേലം: പത്രപ്രവര്‍ത്തകന് ഭീഷണി

Posted on: December 6, 2015 12:40 am | Last updated: December 6, 2015 at 12:40 am

ajay-shrivastavaമുംബൈ: ലേലത്തിന് വെച്ച അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിമിന്റെ ഉടമസ്ഥതയിലുള്ള ഏഴ് സ്വത്തുക്കളില്‍ ഒന്നില്‍ താത്പര്യം കാണിച്ച മുന്‍ പത്രപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണന് ഛോട്ട ഷക്കീലിന്റെ ഭീഷണി.
‘നിങ്ങള്‍ ലേലത്തില്‍ പങ്കുകൊള്ളുന്നുണ്ട്. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്? നിങ്ങള്‍ക്ക് ക്ഷേമമെന്ന് കരുതുന്നു-‘ ഇതാണ് തനിക്ക് ലഭിച്ച സന്ദേശമെന്ന് ബാലകൃഷ്ണന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനും സ്ത്രീകളുടെ ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ദേശ് സേവാ സമിതിക്ക് വേണ്ടിയാണ് താന്‍ സ്വത്ത് ലേലത്തില്‍ വാങ്ങാന്‍ മുതിരുന്നത്. കുട്ടികളുടെ ഇംഗ്ലീഷ് പഠനം, കമ്പ്യൂട്ടര്‍ പഠനം എന്നിവയും ഇവിടെ നടക്കുന്നു. ആദരണീയനായ ദേശാഭിമാനി അശ്ഫഖുല്ല ഖാനിന്റെ പേരിലാണ് പ്രസ്ഥാനം അറിയപ്പെടുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ കെട്ടിവെക്കേണ്ട നിരതദ്രവ്യം 1.18 കോടി രൂപയാണ്. പാക്കിസ്ഥാനിലിരിക്കുന്ന ഒരു മനുഷ്യന്, മറ്റൊരു രാജ്യത്തോട് ഈ വിധം കല്‍പ്പിക്കാനാകില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
തെക്കന്‍ മുംബൈയിലെ പക്‌മോഡിയ തെരുവിലുള്ള സ്വത്താണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. ഈ മാസം ഒമ്പതിന് കൊളാബയിലെ ഹോട്ടല്‍ ഡിപ്ലമാറ്റിലാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്.
മയക്കുമരുന്ന് ഇടപാട്, കള്ളക്കടത്ത് കേസുകളില്‍പ്പെട്ട ഏഴ് സ്വത്തുക്കളാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. ലേലത്തിന് മുമ്പ്, താന്‍ ലേലംകൊള്ളാന്‍ ഉദ്ദേശിക്കുന്ന സ്വത്ത് നേരില്‍കാണാന്‍ ബാലകൃഷ്ണന്‍ പക്‌മോഡിയ തെരുവിലെത്തിയിരുന്നു. സാധാരണ ഗതിയില്‍ അധോലോക ശക്തികളുടെ സ്വത്തുക്കള്‍ അധികൃതര്‍ ലേലത്തില്‍ വെച്ചാല്‍ അതെടുക്കാന്‍ ആരും മുതിരാറില്ല. അതുമല്ലെങ്കില്‍ ചുളുവിലക്ക് സ്വത്ത് അധോലോക ശക്തികളുടെ കൈയില്‍ത്തന്നെ എത്തിച്ചേരുകയാണ് പതിവ്.