എസ് വൈ എസ് മീലാദ് ക്യാമ്പയിന് അന്തിമരൂപമായി

Posted on: December 6, 2015 12:12 am | Last updated: December 6, 2015 at 12:12 am

കോഴിക്കോട്: സ്‌നേഹ റസൂല്‍(സ)കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ കര്‍മപദ്ധതിക്ക് അന്തിമരൂപമായി.
ഈ മാസം 10 ന് ആരംഭിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ ഉദ്ഘാടനം ഈ മാസം 12 ന് പട്ടാമ്പിയില്‍ നടക്കും. സമസ്തയുടെയും എസ് വൈ എസിന്റെയും നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും. മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി യൂനിറ്റുകളില്‍ പള്ളികള്‍, മദ്‌റസകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ അലങ്കരിക്കുകയും പൊതുസ്ഥലങ്ങളും മറ്റും ശുചീകരിക്കുകയും ചെയ്യും.
റബീഉല്‍ അവ്വല്‍ 12 വരെ പള്ളികളും ഓഫീസുകളും കേന്ദ്രീകരിച്ചും 12 ന് ശേഷം സര്‍ക്കിള്‍ കേന്ദ്രീകരിച്ചും മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കും. പ്രവാചക സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖ വിതരണവും മദ്ഹുര്‍റസൂല്‍ പ്രഭാഷണവും പഠനക്ലാസുകളും യൂനിറ്റുകളില്‍ സംഘടിപ്പിക്കും. സര്‍ക്കിള്‍ പരിധിയിലെ വ്യാപാരികളെയും പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ച് മീലാദ് ജല്‍സയും സോണ്‍ ഘടകങ്ങളില്‍ വിപുലമായ നബിദിന റാലിയും സംഘടിപ്പിക്കും. സംഘകുടുംബത്തിന്റെ സഹകരണത്തോടെ നടക്കുന്ന മീലാദ് റാലിയില്‍ സോണ്‍ പരിധിയിലുള്ള ബഹുജനങ്ങള്‍ അണിനിരക്കും. ഉദ്യോഗസ്ഥ പ്രമുഖരും വ്യാപാരികളും പ്രൊഫഷനലുകളും പങ്കെടുക്കുന്ന മീലാദ് സദസ്സ് ജില്ലകളില്‍ സംഘടിപ്പിക്കും.