‘കൊച്ചു സുന്ദരികള്‍’ ഫെയ്‌സ്ബുക്ക് പേജ്: സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി

Posted on: December 5, 2015 2:43 pm | Last updated: December 6, 2015 at 12:25 am
SHARE

supreme court1

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സുപ്രീം കോടതി. ഓണ്‍ലൈന്‍ വഴി നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. സാമൂഹിക പ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്‍ നേതൃത്വം നല്‍കുന്ന പ്രജ്വല സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കുര്‍, യു യു ലളിത് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. ആവശ്യമെങ്കില്‍ ഇത്തരം കേസുകളില്‍ നേരിട്ട് ഇടപെടുമെന്നും കോടതി വ്യക്തമാക്കി.
‘കൊച്ചു സുന്ദരികളെ’ന്ന ഗ്രൂപ്പിനെയായിരുന്നു സുനിതാ കൃഷ്ണന്‍ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചുസുന്ദരികളെന്ന ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട് നടന്ന കേസുകളുടെ പൂര്‍ണമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേരളത്തോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോടും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരീക്ഷിക്കാനും തടയാനും കൃത്യമായ സംവിധാനം നടപ്പിലാക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
അടുത്തിടെ ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, യു ട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണെന്ന് കോടതി വിലയിരുത്തി. കേരളാ പോലീസിനെ കക്ഷി ചേര്‍ക്കാനും ഫേസ്ബുക്കിനെ കേസില്‍ പ്രതി ചേര്‍ക്കുവാനും സുനിതാ കൃഷ്ണന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ‘കൊച്ചുസുന്ദരികളെ’ന്ന ഫേസ്ബുക്ക് പേജ് വഴി പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചുംബന സമരത്തിലൂടെ കുപ്രസിദ്ധനായ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം അറസ്റ്റിലായത്.
കൊച്ചു കുട്ടികളുടെ അശ്ലീല ചിത്രങ്ങളും അവരെക്കുറിച്ചുള്ള ലൈംഗിക വര്‍ണനകളും അശ്ലീല കഥകളുമാണ് കൊച്ചു സുന്ദരികള്‍ എന്ന പേജില്‍ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത നൂറുകണക്കിന് കുട്ടികളുടെ ഫോട്ടോയും അവരില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവരുടെ റേറ്റും കുറിച്ചിട്ട പേജില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകളും നല്‍കിയിരുന്നു. പേജ് ലൈക്ക് ചെയ്യുകയും ഫോണില്‍ വിളിക്കുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കച്ചവടം ഉറപ്പിക്കുന്നതായിരുന്നു തന്ത്രം. യുവാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഈ പേജ് ലൈക്ക് ചെയ്യുകയും ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമാകുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here