സുരക്ഷാക്രമീകരണം;ചുള്ളിയാര്‍-മീങ്കര ഡാമുകളില്‍ ഇന്റലിജന്‍സ് പരിശോധന നടത്തി

Posted on: December 4, 2015 2:55 pm | Last updated: December 4, 2015 at 2:55 pm

കൊല്ലങ്കോട്: ചുള്ളിയാര്‍-മീങ്കര ഡാമുകളില്‍ ഇന്റലിജന്‍സ് സംഘം പരിശോധന നടത്തി. ഇന്റലിജന്റ് തൃശൂര്‍ മേഖല എസ് പി വിജയകുമാര്‍, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ പി സുനില്‍കുമാര്‍, ഇന്റലിജന്‍സ് സി ഐ അബ്ദുല്‍ മുനീര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശിവദാസ്,എ ഇ രാജന്‍, പൊതുമരാമത്ത് വകുപ്പ് എ ഇ സുധീര്‍,കൊല്ലങ്കോട് റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചുള്ളിയാര്‍ മീങ്കര ഡാമുകള്‍ സന്ദര്‍ശിക്കാനെത്തിയത്.
രണ്ടു ഡാമുകളിലും സംയുക്ത യോഗങ്ങള്‍ നടത്തിയതിനുശേഷം ഡാമിന്റെ പ്രദേശങ്ങള്‍ പരിശോധിച്ചു. വിജനമായി കിടക്കുന്ന രണ്ടു ഡാമുകളുടെയും പ്രദേശങ്ങളം സുരക്ഷിതമായി സംരക്ഷിക്കണമെന്നും, ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സുകളും സംരക്ഷിക്കണമെന്നും രാത്രിയില്‍ വെളിച്ചമില്ലാത്ത ഡാമിന്റെ പരിസരങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
ഡാമുകള്‍ക്കകത്തേക്കു കടക്കുന്ന റോഡുകള്‍ അടച്ചിടുവാനും നിലവില്‍ പാസായ നാലരകോടി രൂപയുടെ ഫണ്ട്്് ഉപയോഗിച്ച് ഡാം സുരക്ഷയും നാട്ടുകാരുടെസുരക്ഷയും ഉറപ്പാക്കണെന്നും ആവശ്യമായി ഉയര്‍ന്നുവന്നു.
ആഭ്യന്തര സെക്രട്ടറിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് ഡാമുകളുടെ സുരക്ഷാക്രമീകരണങ്ങള്‍ക്കായുള്ള പരിശോധയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുവാനും എത്തിയതെന്ന് ഇന്റലിജന്റ്‌സ് എസ്പി വിജയകുമാര്‍ പറഞ്ഞു.