ആശ്വാസവുമായി സഹപാഠികള്‍

Posted on: December 4, 2015 2:44 pm | Last updated: December 4, 2015 at 2:44 pm

പൊന്നാനി: വൈകല്യങ്ങളുടെ വേദനയും പേറി ഇരുണ്ട മുറിക്കുള്ളില്‍ തളച്ചിട്ട ബാല്യങ്ങള്‍ക്ക് ആശ്വാസവുമായി സഹപാഠികള്‍. സര്‍വ്വ ശിക്ഷാ അഭിയാന്‍ പൊന്നാനി യു ആര്‍ സിയുടെ ആഭിമുഖ്യത്തിലാണ് വേറിട്ട രീതിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ആദരിച്ചത്. വിദ്യാലയ അധികൃതര്‍ക്കു പുറമെ യു ആര്‍ സി പ്രവര്‍ത്തകരും കുട്ടികള്‍ക്ക് സ്‌നേഹ സമ്മാനങ്ങള്‍ കൈമാറി. ഇതോടൊപ്പം കുട്ടികള്‍ക്ക് എസ് എസ് എ നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് വിതരണവും നടന്നു. പൊന്നാനി എ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥി ഷമലിന്റെ വീട്ടിലേക്ക് പ്രധാനാധ്യാപിക വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ടീം സന്ദര്‍ശനം നടത്തി. തൃക്കാവ് ജി എച്ച് എസ് എസിലെ 7-ാം ക്ലാസില്‍ പഠിക്കുന്ന അര്‍ഷയുടെ വീട് അധ്യാപകരടങ്ങുന്ന ടീം സന്ദര്‍ശിച്ചു. എസ് എസ് എ നല്‍കുന്ന യാത്രാ അലവന്‍സ് കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ അര്‍ഷയുടെ രക്ഷിതാവിന് കൈമാറി. പാലപ്പെട്ടി ഫിഷറീസ് യു പി സ്‌കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥിനി ഫാത്തിമയുടെ വീട്ടിലും സന്ദര്‍ശനം നടത്തി. അയിരൂര്‍ എ യു പി സ്‌കൂളിലെ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദര്‍ശനം നടത്തി.