സെവാഗിന് ആദരം; ധോണിക്ക് ‘നന്ദി’യില്ല

Posted on: December 4, 2015 6:00 am | Last updated: December 4, 2015 at 1:06 am
SHARE

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഓപണിംഗ് ബാറ്റ്‌സ്മാന്‍ വിരേന്ദ്ര സെവാഗിനെ ബി സി സി ഐ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) ആദരിച്ചു. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായായിരുന്നു ആദരം. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സേവാഗിന് ഉപഹാരം നല്‍കി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, രഞ്ജി ടീം ക്യാപ്റ്റന്‍ അജയ് ജഡേജ എന്നിവര്‍ക്ക് നന്ദിപറഞ്ഞ സെവാഗ് ഇവര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദേശീയ ടീമില്‍ ആറ് വര്‍ഷത്തോളം കീഴില്‍ കളിച്ചിട്ടും ഇന്ത്യന്‍ എകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേര് സെവാഗ് പരാമര്‍ശിക്കാതിരുന്നത് ശ്രദ്ധേയമായി. സെവാഗ് ടീമില്‍ നിന്ന് പുറത്താകാന്‍ കാരണം ധോണിയാണെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സെവാഗിന്റെ മാതാവ് കൃഷ്ണ സെവാഗ്, ഭാര്യ ആരതി, മക്കളായ ആര്യവീര്‍, വേദാന്ത് എന്നിവരും മുന്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലെയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
കഴിഞ്ഞ ഒക്‌ടോബറില്‍ തന്റെ 37 ാം ജന്മദിനത്തിലാണ് സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷത്തോളം ടീമിന് പുറത്തായ സെവാഗ് ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പേസ് ബൗളര്‍ സഹീര്‍ ഖാന്‍ വിരമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കിയ താരമായ സെവാഗ് 104 ടെസ്റ്റുകളില്‍നിന്ന് 8,586 റണ്‍സും 251 ഏകദിനങ്ങളില്‍നിന്ന് 8,273 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 23 ഉം ഏകദിനത്തില്‍ 15 സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here