കേരളത്തിലുള്‍പ്പെടെ ആറ് ഐ ഐ ടികള്‍ക്ക് അംഗീകാരം

Posted on: December 4, 2015 6:00 am | Last updated: December 4, 2015 at 12:14 am

ന്യൂഡല്‍ഹി: കേരളത്തിലെ പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് ആറ് പുതിയ ഐ ഐ ടികള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ആദ്യ നാല് വര്‍ഷത്തേക്ക് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി 1,412 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ജമ്മു കാശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഐ ഐ ടികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ പാലക്കാട്ടെയും ആന്ധ്രയിലെ തിരുപ്പതിയിലെയും സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പുതിയ ഐ ഐ ടികള്‍ കൂടി സ്ഥാപിതമാകുന്നതോടെ രാജ്യത്തെ ആകെ ഐ ഐ ടികളുടെ എണ്ണം 22 ആകും.
ഐ ഐ ടികളുമായി ബന്ധപ്പെട്ട 1961ലെ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ സ്ഥാപനങ്ങളെ കൂടി അതില്‍ ഉള്‍ക്കൊള്ളിക്കുന്നത് വരെ അതാത് ഐ ഐ ടികളുടെ നടത്തിപ്പിനും അവക്ക് നിയമ പരിരക്ഷ ലഭിക്കുന്നതിനും വേണ്ടി വ്യത്യസ്ത സൊസൈറ്റികള്‍ രൂപവത്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ രൂപവത്കരിക്കുന്ന ഈ സൊസൈറ്റികള്‍ക്ക് കീഴിലായിരിക്കും തുടക്കത്തില്‍ പുതിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകീകരിക്കുക. ഓരോ പത്ത് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകന്‍ എന്ന നിലയില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം പുതിയ സ്ഥാപനങ്ങളില്‍ ഉണ്ടാകും. പുതിയ ഐ ഐ ടികളില്‍ ആദ്യവര്‍ഷം 180 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം ആകെ 450 വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തോടെ 80 പി ജി കോഴ്‌സുകളും എട്ട് പി എച്ച് ഡി സീറ്റുകളുമടക്കം 928 വിദ്യാര്‍ഥികളാണ് ഓരോ ഐ ഐ ടികളിലുമുണ്ടാകുക.