സ്ഥലം മാറ്റിയ ആര്‍ എം ഒ വീണ്ടും ചാര്‍ജെടുക്കാനെത്തി

Posted on: December 3, 2015 11:07 am | Last updated: December 3, 2015 at 11:07 am

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ടു മാസം മുമ്പ് സ്ഥലം മാറ്റിയ ആര്‍ എം ഒ വീണ്ടും ചാര്‍ജെടുക്കാനെത്തിയത് ഏറെ നാടകീയതക്ക് ഇടയാക്കി.
ആര്‍ എം ഒ ആയിരിക്കെ കുറ്റിപ്പുറത്തേക്ക് സ്ഥലം മാറ്റിയ ഡോ. അലി അശ്‌റഫാണ് ചൊവ്വാഴ്ച ജില്ലാ ആശുപത്രിയിലെത്തി വീണ്ടും ചുമതലയേറ്റത്. സൂപ്രണ്ടിനെ അറിയിക്കാതെയായിരുന്നു ഡോക്ടര്‍ അലി അശ്‌റഫ് ചുമതലയേറ്റത്. എന്നാല്‍ ഇന്നലെ ആശുപത്രിയിലെത്തിയപ്പോള്‍ ഡ്യൂട്ടിക്ക് അനുമതി നല്‍കാനാവില്ലെന്ന് സൂപ്രണ്ട് അലി അശ്‌റഫിനെ അറിയിക്കുകയായിരുന്നു.
തിരൂരില്‍ നിയമിച്ച ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഉത്തരവ് ചൊവ്വാഴ്ച റദ്ദാക്കിയിട്ടുണ്ടെന്നും ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് നിയമിക്കാന്‍ സാധിക്കില്ലെന്നും സൂപ്രണ്ട് ഡോ. ഉസ്മാന്‍ക്കുട്ടി അറിയിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. നിലവില്‍ ആര്‍ എം ഒ ചാര്‍ജില്‍ ഡോക്ടര്‍ ഉണ്ടായിരിക്കെ തിരൂരിലേക്ക് തനിക്ക് നിയമന ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ അലി അശ്‌റഫ് ആര്‍ എം ഒയുടെ സീറ്റില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിവരം നല്‍കി. തുടര്‍ന്ന് അന്വേഷണത്തിനായി ഡെപ്യൂട്ടി ഡി എം ഒ ഷിബുലാലും സീനിയര്‍ സൂപ്രണ്ട് ബശീറും ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടര്‍ അലി അശ്‌റഫുമായി ജില്ലയില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ ചര്‍ച്ചനടത്തി. ഡോക്ടറുടെ കൈയിലുള്ള ഉത്തരവ് സര്‍ക്കാര്‍ ചൊവ്വാഴ്ച റദ്ദാക്കിയിട്ടുണ്ടെന്നും കുറ്റിപ്പുറത്ത് ചുമതല ഏല്‍ക്കണമെന്നും അറിയിക്കുകയും ചെയ്തു. എന്നാല്‍ സൂപ്രണ്ടിന്റെ അനുമതി വാങ്ങാതെ ഒപ്പിട്ടത് വിവാദമാകുമെന്ന് മനസിലാക്കിയ ഡോ. അലി അശ്‌റഫ് ഒപ്പ് മായ്ച്ച് കളഞ്ഞതായും ഡി എം ഒക്ക് സംഘം നല്‍കിയ റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്.
സ്ഥലം മാറ്റത്തിനെതിരെ ആര്‍ എം ഒ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സെപ്തംബര്‍ 22ന് ആശുപത്രിയില്‍ നിന്ന് വിട്ടുപോയതിനാല്‍ ഇക്കാര്യം നടപ്പാക്കാന്‍ സാധിക്കില്ലെന്നതിനാലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് മരവിപ്പിച്ചതും പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഡെപ്യൂട്ടി ഡി എം ഒ ഡോ. ശിബുലാല്‍ പറഞ്ഞു. ആരോഗ്യ വിഭാഗം നടത്തുന്ന അന്വേഷണത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയെന്ന് ഡി എം ഒ ഉമറുല്‍ ഫാറൂഖ് വ്യക്തമാക്കി.