നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കും

Posted on: December 3, 2015 10:57 am | Last updated: December 3, 2015 at 10:57 am

കോഴിക്കോട്: സേവന സന്നദ്ധ രംഗത്ത് ജീവിതം ഹോമിച്ച നൗഷാദിന്റെയും കുഞ്ചാക്കോയുടെയും കുടുംബത്തിന് ധനസഹായം നല്‍കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു.
രണ്ട് പേര്‍ക്കുമായി ഒരു ലക്ഷം രൂപ വീതം യൂത്ത് ലീഗ് നല്‍കും. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ യൂത്ത് കോര്‍ അംഗങ്ങള്‍ സമാഹരിച്ച ഷെയ്ഡ് പദ്ധതിയില്‍ നിന്നാണ് ഈ തുക നല്‍കുക.
മാന്‍ഹോളില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിലാണ് നൗഷാദ് മരണമടഞ്ഞത്. ഒരു രോഗിക്ക് അറുപത് ശതമാനവും കരള്‍ പകുത്ത് നല്‍കിയതിനെ തുടര്‍ന്നാണ് മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി കുഞ്ചാക്കോ മരണമടഞ്ഞത്. സഹജീവിക്കായി ജീവിതം ത്യജിച്ച് മാതൃക കാണിച്ച നൗഷാദും കുഞ്ചാക്കോയും എക്കാലവും സ്മരിക്കപ്പെടേണ്ട വരാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി അധ്യക്ഷത വഹിച്ചു. സി കെ സുബൈര്‍ , കെ എം അബ്ദുല്‍ഗഫൂര്‍, അഡ്വ. എസ് കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ പി ത്വാഹിര്‍, സി പി എ അസീസ്, പി എ അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി എച്ച് ഇഖ്ബാല്‍, പി കെ ഫിറോസ്, കെ ടി അബ്ദുര്‍റഹിമാന്‍, ജലാല്‍ പൂതക്കുഴി, എം എ സമദ്, കെ എ മുജീബ്, അഷ്‌റഫ് മടാന്‍ പ്രസംഗിച്ചു.