വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: നിര്‍മാണോദ്ഘാടനം ശനിയാഴ്ച

Posted on: December 2, 2015 6:09 am | Last updated: December 2, 2015 at 10:22 am

vizhinjamതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. വൈകുന്നേരം 4.30ന് പദ്ധതി പ്രദേശത്തെ മുക്കോലയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി നിതിന്‍ ഗാഡ്കരി മുഖ്യാതിഥിയാകും.
സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 1000 ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് നിര്‍മാണ ചുമതലയുള്ള അദാനി പോര്‍ട്ട് അറിയിച്ചതായി ഫിഷറീസ്, തുറമുഖ മന്ത്രി കെ ബാബു പറഞ്ഞു. നാല് വര്‍ഷമാണ് നിലവില്‍ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ കാലാവധി. പദ്ധതിക്കാവശ്യമായ 203 ഏക്കര്‍ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി. തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി കമ്പനിക്ക് കരാര്‍ പ്രകാരം ഈ ഭൂമിയുടെ റൈറ്റ് ഓഫ് വേ ഉടന്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ബാക്കിയുള്ള 23 ഏക്കറിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ നിര്‍മാണം വിലയിരുത്തുന്നതിനായുള്ള സ്വതന്ത്ര എന്‍ജിനീയര്‍, ഓഡിറ്റര്‍ എന്നിവരെ നിയമിക്കുന്നതിനായുള്ള ആഗോള ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചു. സ്വതന്ത്ര എന്‍ജിനീയര്‍ക്കായി എട്ട് കമ്പനികളും, ഓഡിറ്റര്‍ നിയമനത്തിനായി ആറ് കമ്പനികളും ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ടെന്‍ഡറുകളുടെ പരിശോധന അവസാന ഘട്ടത്തിലാണ്. പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 475 കോടി രൂപയുടെ പുനരധിവാസ പാക്കേജില്‍ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തും. കമ്പിവല, ചിപ്പി തൊഴിലാളികള്‍ എന്നിവരുടെ ആശങ്കകളെല്ലാം പരിഹരിച്ചതായും മന്ത്രി അറിയിച്ചു. നിര്‍മാണത്തിനാവശ്യമായ കരിങ്കല്ല് സംസ്ഥാനത്തിന് പുറമെ മംഗലാപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി നിലവിലെ പരിസ്ഥിതി നിയമങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കെ ബാബു പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, സ്പീക്കര്‍ എന്‍ ശക്തന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി കെ ഇബ്‌റാഹീംകുഞ്ഞ്, പി ജെ ജോസഫ്, കെ പി മോഹനന്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തിരുവന്തപുരം മേയര്‍ വി കെ പ്രശാന്ത്, ഡോ. ശശി തരൂര്‍ എം പി, ടി എന്‍ സീമ, ജമീലാ പ്രകാശം എല്‍ എല്‍ എ സംസാരിക്കും. എം പിമാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.