Connect with us

Gulf

ധീര രക്തസാക്ഷികളെ രാജ്യം ഓര്‍മിച്ചു

Published

|

Last Updated

ദുബൈ: രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരെ രക്തസാക്ഷിദിനത്തില്‍ യു എ ഇ ഒന്നടങ്കം സ്മരിച്ചു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ ഒരുമിച്ച ചടങ്ങില്‍ അബുദാബിയില്‍ ശൈഖ് സായിദ് മസ്ജിദിന് സമീപം രക്തസാക്ഷി സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേശീയ ഗാനത്തിന്റെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെ, ദേശഭക്തി ജ്വലിച്ച അന്തരീക്ഷത്തിലാണ് പരിപാടി തുടങ്ങിയത്.
യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ എട്ടു മുതല്‍ ദേശീയപതാക താഴ്ത്തിക്കെട്ടിയിരുന്നു. രാവിലെ 11.30ന് മൗനാചരണം നടത്തി. ഇത് ഒരു മിനുട്ട് നീണ്ടുനിന്നു. അതിനുശേഷം ദേശീയ പതാക വീണ്ടും ഉയരത്തിലേക്ക്. സ്വകാര്യ സ്ഥാപനങ്ങളും വിദേശികളും യു എ ഇക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. യു എ ഇയുടെ ചരിത്രത്തില്‍ ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ അമല്‍ അല്‍ ഖുബൈസി വ്യക്തമാക്കി. സ്വന്തം ജീവന്‍ ത്യജിച്ച് രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ചവരെ ഓര്‍ത്തെടുത്ത ദിവസമാണിത്. യു എ ഇ ഭരണ നേതൃത്വവും ജനങ്ങളും ധീര ദേശാഭിമാനികളെ ഒരിക്കലും മറക്കുകയില്ല. ഇസ്‌ലാമിന്റെയും നീതിയുടെയും വിജയമാണ് അവര്‍ നേടിയത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പാരമ്പര്യം അവര്‍ ഉയര്‍ത്തിപ്പിടിച്ചു, അമല്‍ അല്‍ ഖുബൈസി പറഞ്ഞു. അബുദാബി ശൈഖ് സായിദ് മസ്ജിദില്‍ പ്രത്യേക ചടങ്ങുകളുണ്ടായിരുന്നു. സൈനികരുടെ കുടുംബാംഗങ്ങള്‍ പലരും ശൈഖ് സായിദ് മസ്ജിദിലെത്തി. ഷാര്‍ജയില്‍ രക്തസാക്ഷി ചത്വരം ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മലീഹ റോഡിലാണ് രക്തസാക്ഷി ചത്വരം. അജ്മാനില്‍ ക്യാപ്റ്റന്‍ നൂറ അല്‍ ശംസി രക്തസാക്ഷി കുടുംബങ്ങളെ സന്ദര്‍ശിച്ചു.

Latest