അമേരിക്കയില്‍ 35 ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഖത്വര്‍

Posted on: December 1, 2015 7:25 pm | Last updated: December 1, 2015 at 7:26 pm

ദോഹ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വടക്കന്‍ അമേരിക്കയില്‍ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 35 ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് അമേരിക്കയിലെ ഖത്വര്‍ അംബാസിഡര്‍ മുഹമ്മദ് ജഹാം അല്‍ കുവാരി. വാഷിംഗ്ടണ്‍ ഡി സിയുടെ ഹൃദയഭാഗത്തെ സിറ്റി സെന്റര്‍ ഡി സി, ദി ഐലന്‍ഡ് അമേരിക്ക, ടെക്‌സാസിലെ ഗോള്‍ഡന്‍ ബസ് സ്റ്റേഷന്‍ എന്നീ പദ്ധതികളിലാണ് ഖത്വര്‍ നിക്ഷേപം നടത്തുക. വാഷിംഗ്ടണ്‍ ഡി സിയിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയുടെ കോഗോഡ് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നടന്ന സെക്കന്‍ഡ് ആന്വല്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ് (എസ് ഡബ്ല്യു എഫ്) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അംബാസിഡര്‍.
ഖത്വറും അമേരിക്കയും ഒക്‌ടോബര്‍ 28 മുതല്‍ തുടങ്ങിയ സാമ്പത്തിക, നിക്ഷേപ ചര്‍ച്ച സഹകരണത്തിനുള്ള പുതിയ പാതകള്‍ തുറന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും മത്സരാധിഷ്ഠിത സാമ്പത്തികരാജ്യങ്ങളില്‍ പതിനാലാം സ്ഥാനമാണ് ഖത്വറിനുള്ളത്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപറേഷന്‍ ആന്‍ഡ് ഡെവല്പമെന്റിലെ (ഒ ഇ സി ഡി) അംഗരാഷ്ട്രങ്ങളില്‍ ഏറെ മുന്നിലാണ് ഖത്വര്‍. ‘എ എ’ റേറ്റിംഗില്‍ സ്ഥിരമായി തുടരുകയുമാണ് രാഷ്ട്രം.
വികസനത്തിനുള്ള കര്‍മപദ്ധതിയായ ഖത്വര്‍ നാഷനല്‍ വിഷന്‍ 2030ന് ഈ കണക്കുകള്‍ ഏറെ ഊര്‍ജം നല്‍കുന്നു. ആഗോളാടിസ്ഥാനത്തില്‍ ഖത്വര്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം നടത്തുന്നുണ്ട്. സമഗ്ര ആരോഗ്യ രക്ഷ നല്‍കലും കാര്യക്ഷമമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കലും സമൂഹത്തില്‍ ക്ഷേമവും സഹിഷ്ണുതയും ഉറപ്പുവരുത്തലും ഖത്വര്‍ ഭരണകൂടത്തിന്റെ പ്രധാന നയങ്ങളാണ്. നൂറിലേറെ രാഷ്ട്രങ്ങളില്‍ ഒരു ബില്യന്‍ ഡോളറിന്റെ സഹായമാണ് ഖത്വര്‍ ചെയ്തത്. കുവാരി പറഞ്ഞു.
സാമ്പത്തിക വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിജ്ഞാനത്തിന്റെയും മത്സരത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ അന്താരാഷ്ട്ര ക്രമത്തെ സമന്വയിപ്പിക്കുന്നതിനാണ് സോവറിന്‍ വെല്‍ത്ത് ഫണ്ട് സ്ഥാപിച്ചത്. 2005ല്‍ ഇത് സ്ഥാപിച്ചത് മുതല്‍ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിക്ക് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കാനായിട്ടുണ്ട്. സാമ്പത്തിക സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, റിയല്‍ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, മീഡിയ ആന്‍ഡ് കമ്യൂനിക്കേഷന്‍ തുടങ്ങിയ വിവിധങ്ങളായ മേഖലകളില്‍ നിക്ഷേപമിറക്കാന്‍ ക്യു ഐ എ പ്രതിജ്ഞാബദ്ധമാണ്. അമേരിക്കയില്‍ വര്‍ധിച്ചു വരുന്ന നിക്ഷേപ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിഞ്ഞ സെപ്തംബറില്‍ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഓഫീസ് തുടങ്ങിയിരുന്നു.
അമേരിക്കയും ഖത്വറും തമ്മില്‍ 6.9 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം നടന്നത്. മേഖലയിലെ അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളി കൂടിയാണ് ഖത്വര്‍. ഇത് ദിനംപ്രതി വളര്‍ന്നുവരികയാണെന്നും അല്‍ കുവാരി പറഞ്ഞു.