രണ്ടാനമ്മയുടെ പീഡനം; കുട്ടിക്ക് ഒരാഴ്ച്ചക്കുള്ളില്‍ ശസ്ത്രക്രിയ നടത്തും

Posted on: December 1, 2015 9:47 am | Last updated: December 1, 2015 at 9:47 am

നിലമ്പൂര്‍: വളര്‍ത്തമ്മയുടെ പീഡനത്താല്‍ ദുരവസ്ഥയിലായ ഏഴു വയസുകാരിയെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന സംഘം സന്ദര്‍ശിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനായി ഡോക്ടറുടെ സേവനവും സംഘം ഉറപ്പാക്കിയിരുന്നു. ഇതിനായി പ്രദേശത്തെ പി എച്ച് സി ചുമതലയുള്ള ഡോ. റഊഫും സംഘത്തോടൊപ്പമെത്തി കുട്ടിയെ പരിശോധിച്ചു. നേരത്തെ കുട്ടിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ പ്രൊട്ടക്ഷന്‍ യൂനിറ്റ് ഏറ്റെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള ചികിത്സ തുടര്‍ന്നു വരികയാണ്.
ഒരാഴ്ചക്ക് ശേഷം ശസ്ത്രക്രിയയടക്കമുള്ള ചികിത്സ തുടരേണ്ടതുണ്ട്. അതുവരെ അണുബാധയേല്‍ക്കാതെ വീട്ടില്‍ തന്നെ തുടരാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഏറ്റെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം സമീര്‍ പറഞ്ഞു. കുട്ടിയുടെയും ബന്ധുക്കളുടെയും ആവശ്യപ്രകാരം തുടര്‍ ചികിത്സ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ സഹായത്തോടെയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരവും മരുന്നുകളും മറ്റും കുട്ടിക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ ഐ സി ഡി എസ് മുഖേന പോഷകാഹാരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ ചികിത്സക്കു പോകുന്നതു വരെ നിരീക്ഷണം കാര്യക്ഷമമാക്കാനും നടപടികളെടുത്തിട്ടുണ്ട്. ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ സമീര്‍ മച്ചിങ്ങല്‍, മുഹമ്മദ് ഫസല്‍, സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട്, കൗണ്‍സിലര്‍ മുഹമ്മദ് ഷാ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, എം മണികണ്ഠന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശാന്തകുമാരി, പാരാ ലീഗല്‍ വളണ്ടിയര്‍ പ്രീതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.