ഫെഡറേഷന്‍ കപ്പ് തിരിച്ചുവരുന്നു

Posted on: November 27, 2015 11:26 am | Last updated: November 27, 2015 at 11:26 am
SHARE

Fed_Cupന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ തിരിച്ചുവരുന്നു. 2016 മെയ് മാസം ഐ ലീഗ് ഫുട്‌ബോള്‍ സീസണിന് ശേഷമാകും ടൂര്‍ണമെന്റ്. രാജ്യത്തെ സുപ്രധാന ക്ലബ്ബുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഐ ലീഗ് കമ്മിറ്റിയിലാണ് ഫെഡറേഷന്‍ കപ്പ് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. ഐ ലീഗിലെ ക്ലബ്ബുകളുടെ എണ്ണം ഒമ്പതിലേക്ക് ചുരുങ്ങിയതു കളികളുടെ എണ്ണം പതിനാറിലേക്ക് ചുരുങ്ങിയതുമാണ് ഫെഡറേഷന്‍ കപ്പ് വീണ്ടും നടത്താന്‍ അധികൃതരെ നിര്‍ബന്ധിതമാക്കിയത്.
കാരണം എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ ക്ലബ്ബിന് പങ്കെടുക്കണമെങ്കില്‍ വര്‍ഷം ചുരുങ്ങിയത് പതിനെട്ട് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. ഐ ലീഗ് മാത്രമാണെങ്കില്‍ ഇത് അപ്രാപ്യമാകും. ഫെഡറേഷന്‍ കപ്പില്‍ ഐ ലീഗിലെ എട്ട് ടീമുകള്‍ പങ്കെടുക്കുന്നതോടെ ഈ സാങ്കേതിക പ്രശ്‌നം ഒഴിവാക്കാം.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഫെഡറേഷന്‍ കപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ടൂര്‍ണമെന്റ് വീണ്ടും നടത്തുന്നത് സംബന്ധിച്ച് അന്ന് തന്നെ അവ്യക്തതയുണ്ടായിരുന്നു. മുന്‍ താരങ്ങളും പരിശീലകരുമെല്ലാം ഫെഡറേഷന്‍ കപ്പ് നിര്‍ത്തലാക്കിയതിനെ വിമര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ വരവോടെ രാജ്യത്തെ ചരിത്രപ്രധാനമായ ടൂര്‍ണമെന്റുകള്‍ പലതും നാമാവശേഷമാക്കാനുള്ള പദ്ധതികളാണ് നടക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു. ആഭ്യന്തര ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഫെഡറേഷന്‍ കപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ ആവശ്യമാണെന്ന് ഐ എം വിജയനെ പോലുള്ള മുന്‍ ക്യാപ്റ്റന്‍മാര്‍ അഭിപ്രായപ്പെട്ടു.