Connect with us

Kozhikode

പി വി രാജഗോപാലിന് പൗരാവലി സ്വീകരണം നല്‍കും

Published

|

Last Updated

കോഴിക്കോട്: ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാരം ലഭിച്ച ഏകതാ പരിഷത്ത് സ്ഥാപകനായ പി വി രാജഗോപാലിന് കോഴിക്കോട് പൗരാവലി സ്വീകരണം നല്‍കും. 28ന് മലബാര്‍ പാലസിലാണ് സ്വീകരണം. പ്രമുഖ ഗാന്ധിയനും ഭൂരഹിതരായ ദളിത്- ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പി വി രാജഗോപാലിന് പുരസ്‌കാരം ലഭിച്ചത് ഓരോ മലയാളിയുടേയും അഭിമാനമുയര്‍ത്തുന്നതായി സംഘാടകരായ പി വി ഗംഗാധരന്‍, എന്‍ കെ അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു.
1970 കളില്‍ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനൊപ്പം സാഹസപെട്ട് മധ്യപ്രദേശിലെ ചമ്പല്‍ കാടുകളില്‍ പ്രവര്‍ത്തിച്ച് കുപ്രസിദ്ധ കൊള്ളക്കാരെ സമാധാന ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ അദ്ദേഹം മുമ്പില്‍ നിന്നിരുന്നു. 1972 ഏപ്രിലില്‍ 760 കൊള്ളക്കാര്‍ ആയുധം വെച്ച് കീഴടങ്ങും വരെ ഉദ്യമം തുടര്‍ന്നു. ഉത്തരേന്ത്യന്‍ ഗ്രാമീണരുടെ ക്ഷേമത്തിനായി 1991ല്‍ ഏകതാപരിഷദ് എന്ന മനുഷ്യാവകാശ സംഘടന രൂപവത്ക്കരിച്ചു. ആറോളം സംസ്ഥാനങ്ങളിലായി രണ്ട് ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായി. ഗാന്ധിയന്‍ ആയുധങ്ങളിലൊന്നായ പദയാത്രകളിലൂടെ ഗ്രാമങ്ങളെ ഉണര്‍ത്തി. 2007 ഒക്‌ടോബറില്‍ 25000 പേരടങ്ങുന്ന സംഘവുമായി മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്ന് ഡല്‍ഹിയിലേക്ക് 340 കിലോമീറ്റര്‍ ദൂരം പദയാത്ര നടത്തി ലോകശ്രദ്ധയാകര്‍ഷിച്ചു. കേന്ദ്രസര്‍ക്കാറിനെ ഭൂപരിഷ്‌കരണവും വനാവകാശ നിയമവും നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. കൂടാതെ നിരവധി ഗാന്ധിയന്‍ സമരങ്ങളില്‍ മുമ്പില്‍ നിന്ന് നയിക്കാന്‍ ഈ കണ്ണൂര്‍ സ്വദേശിക്ക് കഴിഞ്ഞു. സ്വീകരണം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്രകുമാര്‍ ഉപഹാരം സമര്‍പ്പിക്കും. പി വി ചന്ദ്രന്‍ പ്രശസ്തി പത്രം സമര്‍പ്പിക്കും.

Latest