ബാബാ രാംദേവിന് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

Posted on: November 21, 2015 11:47 pm | Last updated: November 21, 2015 at 11:47 pm
SHARE

baba ramdevന്യൂഡല്‍ഹി: അനുമതിയില്ലാതെ യോഗ ഗുരു ബാബ രാംദേവ് വിപണിയിലിറക്കിയ പതഞ്ജലി നൂഡില്‍സിന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നോട്ടീസ് അയച്ചു. മതിയായ അനുമതി ലഭിക്കാതെ ആട്ട നൂഡില്‍സ് വിപണിയിലിറക്കിയതിനാണ് ബാബ രാംദേവിനോട് ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിശദീകരണം ആവശ്യപ്പെട്ടത്. പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ ആകാശ് യോഗിനും അതോറിറ്റി നോട്ടീസയച്ചിട്ടുണ്ട്. പാസ്ത (മക്രോണി, വെര്‍മിസെല്ലി) നിര്‍മിക്കാനുള്ള ലൈസന്‍സ് മാത്രമാണ് കമ്പനിക്കുള്ളത്. ഇതിനുതന്നെ ഉത്പാദനത്തിനുള്ള അനുമതി മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഈ ലൈസന്‍സിന്റെ മറവിലാണ് നൂഡില്‍സ് നിര്‍മിച്ചത്. പാസ്തക്കുള്ള ലൈസന്‍സ് മതി നൂഡില്‍സ് നിര്‍മിക്കാനെന്നാണ് ബാബാ രാംദേവിന്റെ കമ്പനിയുടെ വാദം. എന്നാല്‍, വിപണിയിലിറക്കാന്‍ അനുമതി ലഭിക്കും മുമ്പ് വില്‍പ്പന ആരംഭിച്ചത് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി ബാബ രാംദേവിന് അയച്ച നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, തങ്ങള്‍ക്ക് എഫ് എസ് എസ് എ ഐ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് രാംദേവ് പറയുന്നതെങ്കിലും പൂര്‍ണ അനുമതി നേടാതെയാണ് രാദേവിന്റെ നേതൃത്വത്തില്‍ പതഞ്ജലി ആയുര്‍വേദ് ആട്ടാ നൂഡില്‍സ് എന്നപേരില്‍ ഭക്ഷ്യവസ്തു വിപണിയിലിറക്കിയിരിക്കുന്നത്. ആരോഗ്യദായകമായ ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്ന രാംദേവിന്റെ അവകാശവാദം വ്യാജമാണെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നോട്ടീസില്‍ വിശദീകരിക്കുന്നു. രാജ്യത്ത് ഇന്‍സ്റ്റന്റ് നൂഡില്‍സ് ഉത്പാദിപ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അനുമതി നല്‍കിയ പത്ത് സ്വകാര്യ കമ്പനികളില്‍ ബാബ രാംദേവിന്റെ പതഞ്ജലി ഉള്‍പ്പെട്ടിട്ടില്ല.
ഭക്ഷ്യസുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ കഴിഞ്ഞ ദിവസമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. അഞ്ച് മാസത്തെ നിരോധത്തിനു ശേഷം വിപണിയില്‍ തിരിച്ചെത്തിയ മാഗി നൂഡില്‍സിന് വെല്ലുവിളി ഉയര്‍ത്തിയാണ് ബാബാ രാംദേവിന്റെ പതഞ്ജലി നൂഡില്‍സ് വിപണിയിലെത്തിയത്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് നിരവധി ആയുര്‍വേദ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ഇപ്പോഴുള്ള ഹെല്‍ത്ത് ഡ്രിംഗ്‌സിന് പകരമായി കുട്ടികള്‍ക്കായി പുതുയ ഹെല്‍ത്ത് ഡ്രിംഗ് പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. ഇതിനിടെ ന്യൂഡില്‍സിന് ലൈസന്‍സില്ലെന്ന വിവരം പുറത്തുവന്നതോടെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് വിഷയം പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഉദ്യോഗസ്ഥതലത്തിലെ ഏകോപനമില്ലായ്മയാണ് കാരണമെന്നും വില്‍ക്കാനുള്ള അനുമതിപത്രവും നിര്‍മാതാക്കളുടെ ലൈസന്‍സും സഹിതം എഫ് എസ് എസ് എ ഐ ആസ്ഥാനത്തേക്ക് പ്രതിനിധികളെ അയക്കുമെന്നും രാംദേവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here