Connect with us

Gulf

രക്തസാക്ഷികളുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും- അല്‍ റൂമി

Published

|

Last Updated

അബുദാബി: രാജ്യത്തിനായി ജീവന്‍ത്യജിച്ച രക്തസാക്ഷികളുടെ കുട്ടികളെ രാജ്യത്തെ പൗരന്മാരും സര്‍ക്കാരും സംരക്ഷിക്കുമെന്ന് സാമൂഹിക കാര്യ മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റൂമി. 30ന് രാജ്യം രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിന് തൊട്ട് മുമ്പ് ആഗോള കുട്ടികളുടെ ദിനം വന്നിരിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. രാജ്യത്തിന്റെ സമ്പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കുന്ന മഹത്തായ പ്രക്രിയക്കിടെയാണ് യു എ ഇയുടെ ധീരയോദ്ധാക്കള്‍ രാജ്യത്തിനായി ജീവന്‍വെടിഞ്ഞത്. അവരെ രാജ്യവും ജനങ്ങളും എക്കാലവും ഓര്‍ക്കും. കുട്ടികളുടെ ആഗോള ദിനമായ ഇന്നലെയാണ് അല്‍ റൂമി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ കുട്ടികളെ സര്‍വവിധ ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഉതകുന്ന, കുട്ടികളുടെ അവകാശത്തിനായുള്ള നിയമം അന്തിമഘട്ടത്തിലാണ്. അധികം വൈകാതെ ഇത് നടപ്പാക്കും.
കുട്ടികളെ അവഗണനയില്‍ നിന്നും ചൂഷണത്തില്‍ നിന്നും മോശമായ പെരുമാറ്റങ്ങള്‍ക്ക് ഇരയാവുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് സമഗ്രമായ നിയമം നിര്‍മിക്കുന്നത്. മാനസികവും ശാരീരികവുമായ ചൂഷണത്തില്‍ നിന്നു കുട്ടികളെ രക്ഷിക്കലും നിയമത്തിന്റെ പരിധിയില്‍ വരും. എല്ലാ തരത്തിലുള്ള അതിക്രമങ്ങളില്‍ നിന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളും അത്തരം ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചാരണവും പ്രദര്‍ശനവും തടയും. ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമത്തില്‍ കടുത്ത കുറ്റകൃത്യമായി നിര്‍വചിക്കും. ഇത്തരം കാര്യങ്ങള്‍ ഇന്റര്‍നെറ്റിലൂടേയോ, ഐ സി ടി ചാനലിലൂടെയോ രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമായി കണക്കാക്കും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും അവരെ ഉപയോഗപ്പെടുത്തുന്ന ലൈംഗിക ചൂഷണം ഉള്‍പെടെയുള്ളവയുടെ ദൃശ്യങ്ങളും വീഡിയോകളും ഒഴിവാക്കാന്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ദാതാക്കളോട് നിയമത്തിന്റെ പരിധിയില്‍ ആവശ്യപ്പെടും. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും അഭ്യര്‍ഥിക്കും. കുട്ടികളെ ഇത്തരം കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നതും അവരെ ഉപകരണമാക്കി മാറ്റുന്നതും ഇതിലൂടെ ഫലപ്രദമായി തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമൂഹികക്ഷേമം ഉറപ്പാക്കി വിദ്യാഭ്യാസവും ആധുനിക ജീവിതവും കുട്ടികള്‍ക്ക് നല്‍കാനാണ് യു എ ഇ ലക്ഷ്യമിടുന്നത്. കുട്ടികളെ തെറ്റ് തിരിച്ചറിയാനും ശരി ബോധ്യപ്പെടുത്താനും ഇതിലൂടെ സാധിക്കും. കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും ആവശ്യമായ മൂല്യബോധവും അറിവും നല്‍കാന്‍ സാധിച്ചാല്‍ അവര്‍ക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കാനാവുമെന്നും മറിയം അല്‍ റൂമി ഓര്‍മിപ്പിച്ചു.

---- facebook comment plugin here -----

Latest