മുസ്‌ലിംലീഗ് നല്‍കിയ ധനസഹായം കുടുംബം തിരിച്ചേല്‍പ്പിച്ചു

Posted on: November 18, 2015 10:45 am | Last updated: November 18, 2015 at 10:45 am
SHARE

മലപ്പുറം: അപകടത്തില്‍ പരുക്കേറ്റയാളുടെ ചികിത്സക്ക് മുസ്‌ലിംലീഗ് നല്‍കിയ ധനസഹായം കുടുംബം തിരിച്ചേല്‍പിച്ചു. മുടിക്കോട് മദാരിപള്ളിയാലില്‍ റഫീഖിന് നല്‍കിയ അറുപതിനായിരം രൂപയുടെ ധനസഹായമാണ് പിതാവ് അശ്‌റഫ് മുസ്‌ലിംലീഗ് ശാഖാ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ക്ക് മടക്കി നല്‍കിയത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിന് ശേഷം മുടിക്കോട് അങ്ങാടിയില്‍ നടന്ന പൊതുയോഗത്തില്‍ ധനസഹായം സ്വീകരിക്കുന്നവരെ അധിക്ഷേപിച്ച് യൂത്ത് ലീഗ് ആനക്കയം പഞ്ചായത്ത് സെക്രട്ടറി എ പി ശരീഫ് നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ചാണ് പണം തിരികെ നല്‍കിയത്. സഹായം സ്വീകരിക്കുന്ന പലരും ഔദാര്യം പറ്റുന്നതല്ലാതെ ലീഗിന് വോട്ട് ചെയ്യാറില്ലെന്നും മരിക്കുന്ന സമയത്ത് ഒരു തുള്ളി വെള്ളം പോലും ഇനി ലീഗുകാര്‍ നല്‍കില്ലെന്നുമായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. 2008 മെയ് 29നാണ് റഫീഖിന് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്.

ചികിത്സയിലിരിക്കെ ലീഗ് നേതാക്കള്‍ റഫീഖിന്റെ പിതാവിനെ സമീപിച്ച് ബഹ്‌റൈന്‍ കെ എം സി സിയുടെയും പ്രാദേശിക ലീഗ് കമ്മിറ്റിയും സ്വരൂപിച്ച തുക സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പൊതുയോഗം വിളിച്ച് എം ഉമ്മര്‍ എം എല്‍ എയാണ് തുക കൈമാറിയത്. പരസ്യമായി സഹായം സ്വീകരിക്കുന്നതില്‍ അശ്‌റഫ് അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും മുതിര്‍ന്ന ലീഗ് നേതാക്കള്‍ നിരബന്ധിപ്പിച്ച് ചടങ്ങില്‍ പങ്കെടുപ്പിക്കുകയായിരുന്നുവെന്ന് അശ്‌റഫ് പറഞ്ഞു. റഫീഖ് 2008 ഒക്‌ടോബര്‍ ഏഴിന് മരണപ്പെടുകയും ചെയ്തു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്ന റഫീഖിന്റെ കുടുംബത്തെ അവഹേളിച്ച എ പി ശരീഫിന്റെ പ്രസംഗം വേദനിപ്പിച്ചതായും ഇതേ തുടര്‍ന്ന് ബന്ധുക്കളുമായി ആലോചിച്ച് പണം തിരിച്ചേല്‍പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സിയുടെ പേരില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ എട്ട് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ 8,008 രൂപയും രക്ഷിതാക്കള്‍ തിരിച്ചേല്‍പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here