സിറിയയിലെ ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഫ്രാന്‍സ് വ്യോമാക്രമണം ശക്തമാക്കി

Posted on: November 17, 2015 5:43 am | Last updated: November 17, 2015 at 12:43 am

പാരീസ്: സിറിയയിലെ ഇസില്‍ ശക്തികേന്ദ്രമായ റഖയില്‍ ഫ്രഞ്ച് യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തി. 129 പേരെ കൊലപ്പെടുത്തിയ പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ഇസിലിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് ലോക നേതാക്കള്‍ പ്രതിജ്ഞ ചെയ്തിരുന്നു. പാരീസ് ആക്രമണത്തിന് ശേഷം ഇസിലിനെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ 12 യുദ്ധവിമാനങ്ങള്‍ പങ്കെടുത്തുവെന്നും ഇതിലെ 10 ഫൈറ്റര്‍ ബോംബറുകള്‍ ഞായറാഴ്ച രാത്രി ഇസില്‍ ശക്തികേന്ദ്രങ്ങളില്‍ 20 ബോംബുകള്‍ വര്‍ഷിച്ചുവെന്നും ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആദ്യത്തെ ആക്രമണത്തില്‍ ഇസിലിന്റെ ~~ഒരു കമാന്‍ഡ് പോസ്റ്റ്, റിക്രൂട്ട്‌മെന്റ് സെന്റര്‍, ആയുധ ഡിപ്പൊ എന്നിവ തകര്‍ക്കപ്പെട്ടുവെന്നും തീവ്രവാദി പരിശീലന കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നുവെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജോര്‍ദാനില്‍നിന്നും യു എ ഇയില്‍നിന്നും പുറപ്പെട്ട യുദ്ധ വിമാനങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഏകോപനത്തോടെയാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിലുണ്ട്. സ്റ്റേഡിയം, മ്യൂസിയം, ക്ലിനിക്കുകള്‍, ഒരു ആശുപത്രി, ഒരു ചിക്കന്‍ ഫാം, പ്രാദേശിക സര്‍ക്കാര്‍ മന്ദിരം എന്നിവക്കും ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി ഇസില്‍വിരുദ്ധ പ്രവര്‍ത്തക സംഘം ട്വിറ്ററില്‍ കുറിച്ചു. റഖ നഗരത്തില്‍ കുടിവെള്ളം, വൈദ്യുതി എന്നിവ മുടങ്ങിയതായും ഏകദേശം 30തവണ ആക്രമണമുണ്ടായതായും സംഘം പറയുന്നു. ഇസിലിനെതിരായ പോരാട്ടം നവീകരിക്കുമെന്ന് തുര്‍ക്കിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കള്‍ ഞായറാഴ്ച പറഞ്ഞിരുന്നുവെങ്കിലും യുദ്ധതന്ത്രത്തില്‍ എന്ത് മാറ്റമാണ് വരുത്തുകയെന്ന് വിശദീകരിച്ചിരുന്നില്ല.