വിയന്ന കൊട്ടാരം ഇനി ഖത്വറിന് സ്വന്തം

Posted on: November 14, 2015 7:18 pm | Last updated: November 14, 2015 at 7:18 pm
SHARE

Palace new..ദോഹ: ആസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയുടെ ഹൃദയഭാഗത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രസിദ്ധ കൊട്ടാരം ഫ്രാന്‍സ് ഖത്വറിന് വിറ്റു. ഇതിനടുത്ത് വിശാലമായ പാര്‍ക്കുമുണ്ട്. കൊട്ടാരത്തിലെ ഫ്രഞ്ച് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് വിയന്നയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. 1834ല്‍ നിര്‍മിച്ച പാലസ് ക്ലാം- ഗല്ലാസ് 30 മില്യണ്‍ യൂറോക്കാണ് വില്‍പ്പന നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.5 ഹെക്ടറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
പ്രിന്‍സ് ഫ്രാന്‍സ് ജോസഫ് വോന്‍ ദീത്രിഷ്തീന്‍ ആണ് വേനല്‍ക്കാല വസതിയായി കൊട്ടാരം പണിതത്. ഇംഗ്ലീഷ് പൂന്തോട്ടവും സംവിധാനിച്ചു. ഈ ഭൂമി 1690 മുതല്‍ക്കേ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വത്തായിരുന്നു. ഹെന്റിക് കോഷ് ആണ് ശില്‍പ്പി. ബൈദമീര്‍ കാലഘട്ടത്തിലെ മാതൃകയില്‍ നിയോക്ലാസ്സിക്കല്‍ തനത് ശൈലിയിലാണ് കൊട്ടാരം. വിവാഹബന്ധം ഉണ്ടായതോടെ 1850ല്‍ കൊട്ടാരത്തിന്റെ അവകാശം ക്ലാം- ഗല്ലാസ് കുടുംബത്തിനായി.
രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ സൈനികര്‍ ഇത് താവളമായി ഉപയോഗിച്ചിരുന്നു. 1952ല്‍ ഗല്ലാസ് കുടുംബം കൊട്ടാരം ഫ്രാന്‍സിന് വിറ്റു. പിന്നീട് ഇവിടെ ഫ്രഞ്ച് സര്‍ക്കാറിന്റെ സാംസ്‌കാരിക സ്ഥാപനം വന്നു.
കൊട്ടാരം പരിപാലിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഫ്രഞ്ച് അംബാസിഡര്‍ ഈയടുത്ത് പറഞ്ഞിരുന്നു. ഗതകാല പ്രൗഢിയോടെ കൊട്ടാരം നിലനിര്‍ത്താമെന്ന് പുതിയ ഉടമസ്ഥരായ ഖത്വരി എംബസി അറിയിച്ചതായി ഫ്രഞ്ച് എംബസി പത്രക്കുറിപ്പില്‍ പറഞ്ഞു. ഫ്രഞ്ച് സര്‍ക്കാറിന് വിദേശങ്ങളില്‍ അഞ്ച് ബില്യന്‍ യൂറോയുടെ വസ്തുവകകളുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ പാര്‍ക്ക് അവന്യൂ 48 മില്യന്‍ യൂറോക്ക് വില്‍ക്കാന്‍ യു എന്‍ അംബാസിഡര്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here