ദുബൈ പോലീസിലേക്ക് വീണ്ടും ആഢംബര കാര്‍

Posted on: November 14, 2015 1:09 pm | Last updated: November 16, 2015 at 10:40 pm
SHARE

 

ദുബൈ പോലീസിന്റെ പോര്‍ഷെ 918 സ്‌പൈഡര്‍ ഹൈബ്രിഡ് കാര്‍ ദുബൈ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍
ദുബൈ പോലീസിന്റെ പോര്‍ഷെ 918 സ്‌പൈഡര്‍ ഹൈബ്രിഡ് കാര്‍ ദുബൈ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍

ദുബൈ: നിരവധി അത്യാഢംബര കാറുകള്‍ സ്വന്തമായുള്ള ദുബൈ പോലീസിലേക്ക് വീണ്ടും ഒരു കരുത്തന്‍ കാര്‍ കൂടി. പോര്‍ഷെയുടെ 918 സ്‌പൈഡര്‍ ഹൈബ്രിഡ് കാറാണ് പുതുതായി എത്തിയിരിക്കുന്നത്.
ഹൈബ്രിഡ് കാറുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഈ വാഹനം. ദുബൈ മോട്ടോര്‍ ഷോയുടെ ഭാഗമായാണ് ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സ്ബിഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം പുതിയ കാര്‍ പോലീസ് പ്രദര്‍ശിപ്പിച്ചത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ബുര്‍ജ് ഖലീഫ ഉള്‍പെടെയുള്ള മേഖലയില്‍ പട്രോളിംഗ് കൂടുതല്‍ കാര്യക്ഷമമാക്കാനാവും കാര്‍ ഉപയോഗിക്കുകയെന്ന് പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീന വ്യക്തമാക്കി.
ഏറ്റവും ആധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ അമിതവേഗക്കാര്‍ ഉള്‍പെടെയുള്ളവരെ കുടുക്കാനായി ക്യാമറയും സജ്ജമാക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്ന വാഹനത്തെ ദുബൈ പോലീസിന്റെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ദുബൈ പോലീസിന്റെ കൈവശമുള്ള ലംബോര്‍ഗിനിയും ആസ്റ്റിന്‍മാര്‍ട്ടിനും ഉള്‍പെടെയുള്ള അത്യാഢംബര കാറുകള്‍ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായതും മസീന ഓര്‍മിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ പോര്‍ഷെയുടെ മറ്റൊരു അത്യാഢംബര കാറായ പനമേര എസ് ഇ-ഹൈബ്രിഡ് കാര്‍ സേനയുടെ ഭാഗമായിരുന്നു. ബുഗാട്ടി വെയ്‌റോണും സേനയുടെ ഭാഗമായത് ഈ വര്‍ഷമായിരുന്നു. ഫെരാറി എഫ്എഫ്, ഷെവര്‍ലറ്റ് കമാറോ എസ്എസ്, മേഴ്‌സിഡസ് ബെന്‍സ് എസ്എല്‍എസ് എഎംജി, ബെന്റ്‌ലി കോണ്‍ഡിനെന്റല്‍ ജിടി തുടങ്ങിയവ ശേഖരത്തില്‍ ഉള്ളവയില്‍ ഉള്‍പെടും.