അസഹിഷ്ണുത അനുവദിക്കില്ല: മോദി

Posted on: November 13, 2015 12:20 am | Last updated: November 13, 2015 at 2:36 pm

pm-modi-mann-ki-baatന്യൂഡല്‍ഹി/ ലണ്ടന്‍: രാജ്യത്ത് ഒരുവിധത്തിലുമുള്ള അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവന്‍ ജനങ്ങളുടെയും സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നരേന്ദ്ര മോദി പറഞ്ഞു. ഗാന്ധിയുടെയും ബുദ്ധന്റെയും നാടായ ഭാരതത്തില്‍ അസഹിഷ്ണുതക്ക് ഇടമില്ല. ഇന്ത്യന്‍ ഭരണഘടന എല്ലാ വിഭാഗം ജനങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. അസഹിഷ്ണുത നിറഞ്ഞ ചില സംഭവങ്ങളുണ്ടായെന്ന് സമ്മതിച്ച മോദി, അതിനെതിരെ ശക്തമായ സന്ദേശം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രിട്ടനെന്നും ഈ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ വ്യവസായികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും മോദി പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കാമറൂണ്‍ അറിയിച്ചു. ഇന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലെ സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ബ്രിട്ടന്‍ പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മില്‍ 900 കോടി പൗണ്ടിന്റെ സൈനികേതര ആണവ ഉടമ്പടിയില്‍ ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദി ഇന്നലെ ബ്രിട്ടനില്‍ എത്തിയത്. ലണ്ടനിലെ പാര്‍ലിമെന്റ് ചത്വരത്തിലുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സന്ദര്‍ശനത്തിന് തുടക്കമായത്. ബ്രിട്ടനില്‍ നിന്ന് ഇരുപത് ട്രെയിനര്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള കരാറടക്കം നിരവധി കരാറുകളില്‍ ഈ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കും. നോര്‍ത്ത് ലണ്ടനിലെ അംബേദ്കര്‍ ഹൗസ് മ്യൂസിയത്തിന്റെ ഉദ്ഘാടനവും തത്വചിന്തകനായ ബാസവേശ്വരയുടെ പ്രതിമാ അനാഛാദനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ടാറ്റാ ഗ്രൂപ്പിന്റെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ഇന്ത്യന്‍ വ്യവസായ നിക്ഷേപ സംരംഭമാണ് ടാറ്റാ ഗ്രൂപ്പിന്റെ ഈ കമ്പനി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കലും മേക് ഇന്‍ ഇന്ത്യ ഉള്‍പ്പെടയുള്ള പദ്ധതികളിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരലുമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് ഡല്‍ഹി വ്യോമസേന വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് മോദി ട്വീറ്റ് ചെയ്തിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും മോദിയെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും. ബ്രിട്ടീഷ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യാനുളള അപൂര്‍വ അവസരം ലഭിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ വിദേശ ഇന്ത്യക്കാര്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മോദി പങ്കെടുക്കുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 6.30 വരെയാണ് വെംബ്ലിയിലെ പരിപാടി. 2006ല്‍ ഡോ. മന്‍മോഹന്‍ സിംഗാണ് ഒടുവില്‍ ഇംഗ്ലണ്ട് സംന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
ബീഫ് വിവാദമടക്കം ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മോദിയുടെ സന്ദര്‍ശനത്തിനെതിരെ 40 ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗങ്ങള്‍ ഒപ്പുവെച്ച പ്രമേയം പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഗുജറാത്തില്‍ സംവരണമാവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേല്‍ സമുദായക്കാര്‍ ലണ്ടനില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്.
പ്രതിഷേധത്തിന് അനുമതി തേടി ഇവര്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ സമീപിച്ചിരുന്നു.