Connect with us

Gulf

ലാറ്റിനമേരിക്ക-അറബ് ബന്ധം ശക്തിപ്പെടുമ്പോള്‍

Published

|

Last Updated

റിയാദില്‍ ലാറ്റിനമേരിക്ക-അറബ് ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

യു എ ഇയുടെ വിദേശ നയം ആഗോളതലത്തില്‍ ഏറെ ശ്ലാഘിക്കപ്പെടുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് സമാധാനം കൈവരാന്‍ യു എ ഇ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞു. ലിബിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആളും അര്‍ഥവും നല്‍കുന്നതിന് മടിയില്ല. പാശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളെ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഭൂപ്രദേശമാണിത്. വ്യോമ-കപ്പല്‍ പാതകള്‍ അതിനനുസൃതമാക്കി മാറ്റാനും യു എ ഇക്ക് കഴിഞ്ഞു. ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്ന് ദുബൈ വഴി അമേരിക്കയിലേക്ക് പോകുന്നവര്‍ ധാരാളം.
ഇന്ത്യയുമായി നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള വാണിജ്യ ബന്ധം ഇപ്പോഴും തുടരുന്നു. പുതിയ ലോകശക്തിയായ ചൈനയുമായും മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ പാശ്ചാത്യ രാജ്യങ്ങളുമായി രാഷ്ട്രീയബന്ധമുണ്ട്.
പുതുതായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന യത്‌നത്തിലാണ് യു എ ഇ. റിയാദില്‍ നാലാമത് അറബ്-ദക്ഷിണ അമേരിക്ക ഉച്ചകോടിക്ക് യു എ ഇ, അതുകൊണ്ടുതന്നെ വലിയ പ്രാധാന്യം കല്‍പിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു.
അറബ് ലീഗിലെ 22 രാജ്യങ്ങളില്‍ നിന്നും ദക്ഷിണ അമേരിക്കയിലെ 12 രാജ്യങ്ങളില്‍ നിന്നും ഭരണാധികാരികള്‍ എത്തി. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ഉദ്ഘാടനം ചെയ്തത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാറ്റത്തിന്റെ പാതയിലാണ്. സമാധാന കാംക്ഷികളുമാണ്. പ്രകൃതി സ്രോതസ്സുകള്‍ കുറവായിരുന്നിട്ടും അവര്‍ ആയുധ വ്യാപാരത്തില്‍ ഏര്‍പെട്ടില്ല. ഫുട്‌ബോളിലൂടെയും വിനോദസഞ്ചാരികളെ ആകര്‍ഷിച്ചും ലോകശ്രദ്ധ നേടി.
പല നയങ്ങളെയും എതിര്‍ക്കുന്നുണ്ടെങ്കിലും അമേരിക്കയുമായി വാണിജ്യബന്ധം വേണ്ടെന്നുവെച്ചില്ല. റിയാദിലെ ഉച്ചകോടിയില്‍ ലോകത്തെ പത്തു ശതമാനം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണാധികാരികള്‍ക്ക് പരസ്പരം യോജിക്കാവുന്ന പല മേഖലകളുമുണ്ട്. ഊര്‍ജം, വിനോദസഞ്ചാരം തുടങ്ങിയവയില്‍ കൈ കോര്‍ത്തു പിടിക്കാം. 2014ല്‍ 3000 കോടി ഡോളറിന്റെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇനിയും മുന്നേറാന്‍ പശ്ചാത്തലമുണ്ട്.
വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മാഡുറോ, ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയ തുടങ്ങിയവരുടെ സാന്നിധ്യം അര്‍ഥവത്താണ്.
സിറിയയിലെ ഗോലാന്‍ കുന്നുകളില്‍ നിന്നടക്കം ഇസ്‌റാഈല്‍ പിന്മാറണമെന്ന് ഇവര്‍ക്കൊക്കെ അഭിപ്രായമുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ലഭിക്കും.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ യു എ ഇക്ക് കഴിയും. റിയാദിലെ ഉച്ചകോടി ഒരുപക്ഷേ ഏറ്റവും ഗുണം ലഭിക്കുക യു എ ഇക്കായിരിക്കും.

---- facebook comment plugin here -----

Latest