Connect with us

Wayanad

കണ്ടു നിന്നവര്‍ ഞെട്ടി: മഹേഷിന്റെ പ്രവചനത്തിന് നൂറ് മാര്‍ക്ക്

Published

|

Last Updated

മാനന്തവാടി: ആദ്യമായി നഗരസഭാ തിരഞ്ഞെടുപ്പിന് വേദിയായ മാനന്തവാടിയിലെ സാരഥികളെ മജീഷ്യന്‍ ദിവസങ്ങള്‍ക്കു മുന്‍പെ പ്രവചിച്ചിരുന്നു. ആകാംഷാപൂര്‍വ്വം കാത്തിരുന്ന പ്രവചന പെട്ടി തുറന്നപ്പോള്‍ ഫലം കൃത്യമായി. കണ്ടു നിന്നവര്‍ക്ക് ആശ്ചര്യം! പിന്നെ നിര്‍ത്താത്ത കരഘോഷം.തിരഞ്ഞെടുപ്പു ഫലം പ്രവചിച്ച മഹേഷിന് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാനും എസ്‌ഐ വിനോദ് വലിയാറ്റൂരും ചേര്‍ന്ന് പുരസ്‌കാരം നല്‍കി. വോട്ടെടുപ്പിന് മുന്നേ 36 വാര്‍ഡുളിലെയും വിജയികളുടെ പേരുകളും ഫലപ്രഖ്യാപന വാര്‍ത്തയുമായി എട്ടിന് പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളുടെ തലക്കെട്ടുകളും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒപ്പുവെച്ച മുദ്രപത്രത്തില്‍ എഴുതി സീല്‍ ചെയ്ത് പെട്ടിയിലാക്കി സൂക്ഷിക്കുകയായിരുന്നു. പെട്ടി പൊലീസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചത്. മുന്‍ പഞ്ചായത്ത് അംഗം പി വി ജോണിന്റെ നിര്യാണത്തെ തുടര്‍ന്നാണ് എട്ടിന് നടത്താന്‍ നിശചിയിച്ച പെട്ടിതുറക്കല്‍ ഇന്നലത്തേക്ക് മാറ്റിയത്. പി.വി. ജോണിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മൗനാചരണം നടത്തിയാണ് പ്രോഗ്രാം ആരംഭിച്ചതും.മഹേഷ് വയനാടിന്റെ മാജിക് കലാവിരുന്നും നടന്നു. ഗ്രാന്‍ഡ് ഡ്രേപ്പ് കോ– ഓര്‍ഡിനേറ്റര്‍ ടി കെ ഹാരിസ്, പ്രസ് ഫോറം പ്രസിഡന്റ് കെ എം ഷിനോജ്, സെക്രട്ടറി എ ഷമീര്‍, അശോകന്‍ ഒഴക്കോടി, ഫിറോസ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടി പ്രസ് ഫോറവും ഗ്രാന്‍ഡ് ഡ്രേപ്പ് എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് പ്രവചന പരിപാടി ഒരുക്കിയത്.

Latest