Connect with us

National

പഴിചാരലും പോരും കനത്ത് സംഘ് പരിവാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബീഹാറിലെ കനത്ത പരാജയത്തെ ചൊല്ലി സംഘ്പരിവാറില്‍ പഴിചാരലും പോരും കനക്കുന്നു. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സംവരണ പരാമര്‍ശമാണ് പരാജയത്തിനിടയാക്കിയതെന്ന് ഇന്നലെ ചേര്‍ന്ന ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിനെതിരേയുള്ള നീക്കം എത്രകണ്ട് ഫലം കാണുമെന്ന് കണ്ടറിയണം.
അതേസമയം മഹാസഖ്യത്തിന്റെ ശക്തി തിരിച്ചറിയാതെ പോയതാണ് പരാജയകാരണമായതെന്ന് പാര്‍ലമെന്ററി യോഗത്തിന് ശേഷം പ്രതികരിച്ച ബി ജെ പി അദ്ധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. യോഗത്തിന് ശേഷം അമിത്ഷാ, മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് ആറ് മണിയോടെ മോഹന്‍ ഭാഗവത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ചര്‍ച്ച നടത്തി. എന്തായാലും ബിഹാറിലേറ്റ തിരിച്ചടി സംഘ്പരിവാറില്‍ മുറുമുറക്കലുകള്‍ക്കിടയാക്കി കഴിഞ്ഞു. ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാത്തത് മണ്ടത്തരമായെന്ന് ചൂണ്ടികാട്ടി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ അദ്ധ്വാനി പക്ഷ നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹ എം പി രംഗത്ത് വന്നിരുന്നു. ബീഹാറില്‍നിന്നുള്ള നേതാവിന മുന്നില്‍ നിര്‍ത്തുന്നതിന് പകരം ഗുജറാത്തില്‍നിന്നുള്ള മോദിയും അമിത്ഷായും പോസ്റ്ററുകളില്‍ നിറഞ്ഞുനിന്നതാണ് പരാജയത്തിന് കാരണമെന്ന് പ്രാദേശിക നേതാക്കള്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച പലരും ഇനി കൂടുതല്‍ ശക്തമായി തന്നെ രംഗത്ത്‌വരാനും സാധ്യതയുണ്ട്.
ബീഹാറിലെ ജനവിധി നരേന്ദ്ര മോദിക്കും അമിത്ഷാക്കും പാര്‍ട്ടിയിലും സര്‍ക്കാറിലുമുള്ള അപ്രമാദിത്വത്തിന് കോട്ടം തട്ടുന്ന പ്രഹരമാകുമെന്ന് ഉറപ്പാണ്. മോദി വിരുദ്ധ ഗ്രൂപ്പ് പാര്‍ട്ടിയിലും സര്‍ക്കാറിലും ശക്തമായ സാന്നിദ്ധ്യമാണെങ്കിലും മോദി തരംഗത്തില്‍ എതിര്‍ ശബ്ദങ്ങളൊന്നും ഇതുവരെ കാര്യമായി ഉയര്‍ന്നിരുന്നില്ല. ഡല്‍ഹിയ്ക്ക് പിന്നാലെ ബീഹാറിലും ബി ജെ പി തകര്‍ന്നടിഞ്ഞതോടെ പാര്‍ട്ടിക്കുള്ളിലെ മോദി വിരുദ്ധര്‍ രംഗത്ത് വരാനുള്ള സാധ്യതയും ഏറെയാണ്.
ഡല്‍ഹിയിലും ബീഹാറിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നേരിട്ട് ആവിഷ്‌ക്കരിച്ച് മോദി അമിതാഷാ വിശ്വസ്തരെ മാത്രമാണ് പങ്കാളികളാക്കി മാറ്റിയത്. ഡല്‍ഹിയിലെ പരാജയം മുന്നില്‍ കണ്ട് മോദി മാറിനിന്നിരുന്നുവെങ്കിലും ബീഹാറില്‍ മോദി തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ഡല്‍ഹിയില്‍ കിരണ്‍ബേദിയെ രക്തസാക്ഷിയാക്കി മാറ്റിയ ബി ജെ പി നേതൃത്വത്തിന് പക്ഷേ, ബീഹാറിന്റെ പരാജയത്തില്‍ നിന്ന് മോദിയെ മാറ്റി നിര്‍ത്താനും സാധിക്കില്ല. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും തുടര്‍ന്ന് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയം സ്വന്തമാക്കുകയും ചെയ്തതോടെ മോദിയുടെ ജൈത്രയാത്രയില്‍ തടസം നില്‍ക്കാന്‍ ആര്‍ എസ് എസും തയ്യാറായിരുന്നില്ല. എന്നാല്‍ ബിഹാറിലെ പരാജയത്തോടെ ആര്‍ എസ് എസ് ശക്തമായി മൂക്കുകയറുമായി രംഗത്ത് വരാനാണ് സാധ്യത. അതേസമയം ആര്‍ എസ് എസ് തലവന്റെ സംവരണവുമായി ബന്ധപ്പെട്ട പരമാര്‍ശം അനവസരത്തിലായെന്ന് ബി ജെ പി നേതാക്കള്‍ തന്നെ വിലയിരുത്തിയതോടെ ആര്‍ എസ് എസ്- ബി ജെ പി ബന്ധം കൂടുതല്‍ സങ്കീര്‍ണമായി. പരാജയത്തിന് കാരണമായ ആര്‍ എസ് എസ് നിര്‍ദേശം നല്‍കുന്നതിനോട് ബി ജെ പി നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ സംഘടനാ സംവിധാനം തന്നെ താറുമാറാകും.
മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും മാറ്റി നിര്‍ത്തി തന്ത്രം മെനഞ്ഞ് നടപ്പാക്കുന്ന ശൈലിയാണ് അമിത്ഷായും മോദിയും അധികാരത്തിലേറിയതിനു ശേഷം പയറ്റുന്നത്. ഈ നീക്കത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഒരേപോലെ പ്രതിഷേധമുണ്ട്. മുന്‍ നേതാവ് രാംജത് മലാനിയും അരുണ്‍ ഷൂരിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രതിഷേധം പലപ്പോഴും പ്രകടിപ്പിക്കാറുമുണ്ട്. അതുപോലെ എന്‍ ഡി എയില്‍ സഖ്യകക്ഷികളുടെ ഭാഗത്തുനിന്നും വിമര്‍ശം ഉയരാനുള്ള സാധ്യതയുണ്ട്. ഇത് മോദിയുടെ പരാജയമാണെന്ന് ചൂണ്ടികാട്ടി ഇപ്പോള്‍ തന്നെ ശിവസേന രംഗത്ത് വന്നുകഴിഞ്ഞു.
എല്ലാ മന്ത്രാലയങ്ങളുടേയും നിയന്ത്രണം തന്നില്‍ കേന്ദ്രീകരിച്ചാണ് മോദിയുടെ പ്രവര്‍ത്തനം. ഏകാധിപത്യ നിലപാടില്‍ സഹപ്രവര്‍ത്തകരില്‍നിന്ന് അമര്‍ഷം ഉയരാനുള്ള സാധ്യത മുന്‍ കൂട്ടികണ്ടാണ് മോദി വിശ്വസ്തനായ അമിത്ഷായെ പാര്‍ട്ടി അദ്ധ്യക്ഷനാക്കണമെന്ന് നിര്‍ബന്ധം പിടിച്ചതും. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ അടിപതറുകയും തന്ത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ ഈ കൂട്ടുകെട്ടിന് ഇനിയെത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നാണ് അറിയാനുള്ളത്.