എസ് എന്‍ ഡി പിയുടെ സമത്വമുന്നണി തകര്‍ന്നടിഞ്ഞു; നേട്ടം കൊയ്തത് ബി ജെ പി

Posted on: November 7, 2015 11:35 pm | Last updated: November 7, 2015 at 11:35 pm
SHARE

bjp ..ആലപ്പുഴ: എസ് എന്‍ ഡി പി യോഗത്തിന്റെ രാഷ്ട്രീയ പരീക്ഷണത്തിന് തിരിച്ചടി. ബി ജെ പിയുമായി ചേര്‍ന്ന് സമത്വ മുന്നണിക്ക് രൂപം നല്‍കി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിത്തിരിച്ച വെള്ളാപ്പള്ളിക്കും കുടുംബത്തിനും തിരഞ്ഞെടുപ്പ് ഫലം കനത്ത ആഘാതമായി. സമത്വ മുന്നണി തകര്‍ന്നടിഞ്ഞപ്പോള്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച് വിജയക്കുതിപ്പ് നേടിയ ബി ജെ പി, തങ്ങള്‍ സവര്‍ണ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. എസ് എന്‍ ഡി പിയും ബി ജെ പിയും ചേര്‍ന്ന് രൂപവത്കരിച്ച സമത്വ മുന്നണിക്ക് ജില്ലയില്‍ ഒരാളെ പോലും വിജയിപ്പിക്കാനായില്ല.യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളിയുടെ സ്വന്തം വാര്‍ഡില്‍ പോലും സമത്വ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായില്ല. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ സമത്വ മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന എസ് എന്‍ ഡി പി യോഗം കണിച്ചുകുളങ്ങര, ചേര്‍ത്തല യൂനിയനുകള്‍ക്ക് കീഴിലെ ചേര്‍ത്തല നഗരസഭയിലും മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തുകളിലും സമത്വമുന്നണി സ്ഥാനാര്‍ഥികളെ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് വന്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഒരാളെ പോലും വിജയിപ്പിക്കാനായില്ല. ജില്ലാ പഞ്ചായത്തിലടക്കം 150ഓളം സീറ്റുകളിലാണ് എസ് എന്‍ ഡി പി-ബി ജെ പി സഖ്യത്തിന്റെ സമത്വ മുന്നണി സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. മറ്റിടങ്ങളില്‍ ബി ജെ പി തനിച്ച് മത്സരിക്കുകയായിരുന്നു. തനിച്ച് മത്സരിച്ച സ്ഥലങ്ങളില്‍ ബി ജെ പിക്കുണ്ടായ മുന്നേറ്റം എസ് എന്‍ ഡി പി നേതൃത്വത്തെ അലോസരപ്പെടുത്തുന്നുമുണ്ട്.
എസ് എന്‍ ഡി പിക്ക് പിന്തുണയുമായി രംഗത്തെത്തിയ ബി ജെ പി ഇതിന്റെ മറവില്‍ നേട്ടം കൊയ്യുകയായിരുന്നെന്നാണ് യോഗനേതൃത്വം വിലയിരുത്തുന്നത്. ബി ജെ പിയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇത് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബി ജെ പിയുടെ സവര്‍ണ രാഷ്ട്രീയത്തിനെതിരെ ശക്തമായി രംഗത്തെത്തിയ സി പി എമ്മിനും ഇടതുപക്ഷത്തിനും വര്‍ധിച്ച പിന്തുണയാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ സമത്വ മുന്നണി സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായി.എസ് എന്‍ ഡി പിയെ വര്‍ഗീയ കക്ഷിയായ ബി ജെ പിയില്‍ തളക്കാനുള്ള വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്റെയും നീക്കത്തെ പ്രതിരോധിക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ സി പി എം മുന്നിട്ടിറങ്ങുകയായിരുന്നു.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ ഇതിന് നേതൃത്വം നല്‍കിയതോടെ വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കി.
സംസ്ഥാന ബി ജെ പി നേതൃത്വമാകട്ടെ, തങ്ങളുമായി ചര്‍ച്ച ചെയ്യാതെ എസ് എന്‍ ഡി പി, കേന്ദ്ര നേതൃത്വവുമായി സഖ്യത്തിന് ശ്രമിച്ചതിലുള്ള അമര്‍ഷവും പ്രകടമാക്കി. വെള്ളാപ്പള്ളിയുടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പുറത്ത് വിടുകയും ഇതെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കുകയും ചെയ്തതോടെ പ്രതിരോധത്തിലായ വെള്ളാപ്പള്ളി ഏറെ നാള്‍ നിശബ്ദനായതും സമത്വ മുന്നണിക്ക് തിരിച്ചടിയായി. ഗോമാംസത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ നടന്ന കൊലപാതകങ്ങളും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അസഹിഷ്ണുതയും ബീഫ് രാഷ്ട്രീയവുമെല്ലാ ചര്‍ച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ബാര്‍ കോഴ വിഷയത്തിലുണ്ടായ കോടതി വിധി യു ഡി എഫിന് കനത്ത ആഘാതമായി.
ശാശ്വതീകാനന്ദ വിഷയത്തില്‍ തിടുക്കത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ തടിയൂരാന്‍ ശ്രമിച്ചെങ്കിലും ഇത് ജനം അംഗീകരിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നു.അതെസമയം, ബി ജെ പിക്കും പ്രതീക്ഷിച്ച വിജയം ജില്ലയിലുണ്ടായില്ല.
കേന്ദ്ര ഭരണത്തിന്റെ തണലില്‍ ആര്‍ എസ് എസിനെ ഉപയോഗിച്ച് പരമാവധി വര്‍ഗ്ഗീയതയിളക്കി വിട്ടുകൊണ്ടുള്ള പ്രചാരണമാണ് ബി ജെ പി നടത്തിയത്.എസ് എന്‍ ഡി പിയുടെ പിന്തുണ പരമാവധി നേടിയെടുത്ത് സ്വന്തം പാര്‍ട്ടിയുടെ വളര്‍ച്ച ഉറപ്പാക്കിയ ബി ജെ പിക്ക് ജില്ലയില്‍ ഒരു പഞ്ചായത്തില്‍ ഭരണം നേടാനായി.