Connect with us

International

റഷ്യന്‍ വ്യോമാക്രമണത്തില്‍ സിറിയയില്‍ പത്ത് മരണം

Published

|

Last Updated

ദമസ്‌കസ് : സിറിയയിലെ ദമസ്‌കസ് അതിര്‍ത്തിയിലെ മാര്‍ക്കറ്റില്‍ റഷ്യ നടത്തിയതെന്ന് സംശയിക്കുന്ന വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനത്തിന് തൊട്ടടുത്ത ദൗമയിലെ കൗദ്‌ലി മാര്‍ക്കറ്റിലാണ് റഷ്യന്‍ വ്യോമാക്രമണമുണ്ടായതെന്ന് ദൗമയിലെ സിറിയന്‍ ആക്ടിവിസ്റ്റ് ബാരാ പറഞ്ഞു. തിരക്കേറിയ മാര്‍ക്കറ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവരും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണം നടത്തിയത് റഷ്യന്‍ യുദ്ധ വിമാനങ്ങളാണ.് കാരണം ആക്രമണത്തിനുപയോഗിച്ച മിസൈലുകള്‍ സാധാരണ അവര്‍ ഉപയോഗിച്ചുവരുന്നതാണെന്നും ബാരാ പറഞ്ഞു. യുദ്ധ വിമാനങ്ങള്‍ വരുന്ന സിഗ്നല്‍ പിടിച്ചെടുക്കാനുള്ള വിമതരുടെ കൈകളിലുള്ള ഉപകരണത്തിലും വിമാനം റഷ്യയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണം ജനവാസമുള്ള പ്രദേശം ലക്ഷ്യംവെച്ചായിരുന്നുവെന്ന് സിറിയ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദൗമ ശാഖയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞു. മാര്‍ക്കറ്റും ജനവാസ കേന്ദ്രങ്ങളുമുള്ള ദൗമയിലെ മധ്യഭാഗം ലക്ഷ്യമിട്ടായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് വെറുമൊരു വ്യോമാക്രമണം മാത്രമായിരുന്നില്ല. നഗരം ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണവും നടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ദൗമയിലുണ്ടായ വ്യോമാക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.

Latest