പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

Posted on: November 4, 2015 9:44 am | Last updated: November 4, 2015 at 9:44 am
SHARE

സുല്‍ത്താന്‍ ബത്തേരി: ത്രിതല പഞ്ചായത്ത് വോട്ടെടുപ്പ് അവസാനിച്ചതോടെ മുന്നണികള്‍ വിജയപ്രതീക്ഷയിലാണ്. ഇത്തവണ ജില്ലയില്‍ പോളിംഗ് കനത്തത് മുന്നണികള്‍ക്കെല്ലാം ആശാവഹമായ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. നഗരസഭയായതിന് ശേഷം ആദ്യമായി ജനവിധി തേടുന്ന ബത്തേരി നഗരസഭയില്‍ പുരുഷന്മാരേക്കാള്‍ വോട്ട് ചെയ്തത് സ്ത്രീകള്‍.
ആകെയുള്ള 31285 വോട്ടുകളില്‍ പോള്‍ ചെയ്തത് 25145 ആണ്. ഇതില്‍ 12980 സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ 12165 പുരുഷന്മാരും വോട്ട് ചെയ്തു. ആകെയുള്ള 35 വാര്‍ഡുകളില്‍ 14 വാര്‍ഡ് മാത്രമാണ് ജനറല്‍ വിഭാഗത്തിലുള്ളത്. സ്ത്രീകള്‍ മത്സരിച്ച ചെതലയത്താണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 88.3 ശതമാനം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. മറ്റ് സ്ത്രീസംവരണ വാര്‍ഡായ കല്ലുവയലില്‍ 86 ശതമാനവും, മന്തംകൊല്ലിയില്‍ 85 ശതമാനവും, പൂതിക്കാട് 80.43 ശതമാനവും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത് 26ാം വാര്‍ഡായ മണിച്ചിറയിലായിരുന്നു.
യു ഡി എഫ് സ്ഥാനാര്‍ഥിയായ പി പി അയൂബ് മത്സരിച്ച വാര്‍ഡില്‍ ആറ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. അതേസമയം, വോട്ടര്‍മാരുടെ നീണ്ടനിരയില്ലാതെ പോളിംഗ് ശതമാനം കൂടിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ആകെ പോളിംഗ് 80.37 ശതമാനം ആണ് രേഖപ്പെടുത്തിയത്.
രണ്ടാഴ്ച നീണ്ട പ്രചാരണങ്ങളിലൂടെ സമാഹരിച്ച വോട്ടുകള്‍ ഇത്തവണയും തുണക്കുമെന്നും കണക്ക് കൂട്ടലുകള്‍ പിഴക്കില്ലെന്നും വിശ്വസിച്ച് നവംബര്‍ ഏഴിനായി കാത്തിരിക്കുകയാണ് മുന്നണികള്‍. പ്രചരണത്തിന്റെ തുടക്കത്തില്‍ എല്‍ ഡി എഫാണ് മുന്നിട്ടു നിന്നിരുന്നത്. സ്ഥാനാനാര്‍ഥി നിര്‍ണയം നേരത്തെ ധാരണയിലെത്തിച്ചതാണ് എല്‍ ഡി എഫിന് ഗുണകരമായത്.
എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം യു ഡി എഫ് പ്രചരണം ശക്തമാക്കുകയായിരുന്നു. തുടക്കത്തില്‍ റിബലുകളുടെ ശല്യമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചത് യു ഡി എഫിന് അനുകൂലമായി. ബി ജെ പിയും ശക്തമായി രംഗത്തുണ്ട്. എന്നാല്‍ നഗരസഭയില്‍ ഏതെങ്കിലും ഡിവിഷന്‍ ലഭിക്കുമെന്ന അമിത വിശ്വാസമൊന്നും ബിജെപിക്കില്ല.
സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പ്രഥമ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 35 ഡിവിഷനുകളില്‍ 25 സീറ്റുകളിലാണ് യുഡി എഫ് ഉറച്ച വിജയം പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള 10 ഡിവിഷനുകളില്‍ മത്സരം കടുത്തതാകും. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 80.37% പോളിംഗ്.
എന്നാല്‍ 20 ഡിവിഷനുകള്‍ വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്നാണ് എല്‍ ഡി എഫ് കണക്കുകൂട്ടുന്നത്. ഓരോ ഡിവിഷനുമനുസരിച്ചുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിഞ്ഞത് ഒരു പരിധിവരെ എല്‍ ഡി എഫിന് വിജയ പ്രതീക്ഷ നല്‍കുന്നുണ്ട്.
ബത്തേരി നഗരസഭയുടെ കണക്കു പരിശോധിച്ചാല്‍ യു ഡി എഫിനാണ് മുന്‍തൂക്കം. യുഡിഎഫിന്റെ ജില്ലയിലെ കോട്ടകളില്‍ ഏറ്റവും ശക്തമാണ് ബത്തേരി എന്നതാണ് അതിന് കാരണം. നഗരസഭയുടെ ചെയര്‍മാനും കൗണ്‍സിലര്‍ക്കും ചരിത്രത്തില്‍ സ്ഥാനമുണ്ടാകുമെന്നതിനാല്‍ മത്സരം ഇരു മുന്നണികളും വാശിയോടെയാണ് എടുത്തിരിക്കുന്നത്.