ചെല്‍സി തരിപ്പണം

Posted on: November 1, 2015 12:00 am | Last updated: November 1, 2015 at 12:27 am
SHARE

2DF936FB00000578-3298018-image-a-131_1446301750901ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി തകര്‍ന്നടിഞ്ഞു. പരിശീലകന്‍ ഹോസെ മൗറിഞ്ഞോ പെട്ടിയും കിടക്കയുമെടുത്ത് ടീം വിടുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്ന വേളയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ലിവര്‍പൂളിനോടാണ് അവര്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത്. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് നോര്‍വിച് സിറ്റിയെയും ആഴ്‌സണല്‍ 3-0 ത്തിന് സ്വാന്‍സി സിറ്റിയെയും ലീസസ്റ്റര്‍ സിറ്റി 3-2ന് വെസ്റ്റ് ബ്രോമിനെയും പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ക്രിസ്റ്റല്‍ പാലസ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി.
ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ചെമ്പടയുടെ ജയം. ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോളാണ് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ക്യാപ്പിറ്റല്‍ വണ്‍ കപ്പില്‍ കഴിഞ്ഞ ദിവസം സ്റ്റോക്ക് സിറ്റിയോട് ഷൂട്ടൗട്ടില്‍ തോറ്റ് പുറത്തായ ചെല്‍സിക്ക് സ്വന്തം ഗ്രൗണ്ടിലേറ്റ ഇന്നലെയേറ്റ പരാജയം ഇരുട്ടടിയായി. പ്രീയര്‍ ലീഗില്‍ ചെല്‍സിക്കിത് ആറാമത്തെ തോല്‍വി. ജയിച്ചത് വെറും മൂന്ന് കളികള്‍. കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ റാമിറസിലൂടെ ഹെഡ്ഡര്‍ ഗോളിലൂടെ ചെല്‍സിയാണ് മുന്നിലെത്തിയത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ കുട്ടിഞ്ഞോ മത്സരം സമനിലയിലാക്കി. 74ാം മിനുട്ടില്‍ ചെല്‍സിക്ക് മേല്‍ ഇടിത്തീയായി കുട്ടിഞ്ഞോയുടെ രണ്ടാം ഗോള്‍ പിറന്നു. ക്രിസ്റ്റ്യന്‍ ബെന്റകെ തലകൊണ്ട് നല്‍കിയ പാസില്‍ കുട്ടിഞ്ഞോയുടെ വലംകാല്‍ ഷോട്ട്. പന്ത് ഗോള്‍വലയുടെ വലത് മൂലയില്‍ പതിച്ചു. 83ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ ബെന്റകെ നേടിയ ഗോളിലൂടെ ചെല്‍സിയുടെ മേല്‍ അവസാന ആണിയുമടിച്ചു.
കിരീട പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ചെല്‍സി ഇപ്പോല്‍ 15ാം സ്ഥാനത്താണ്. നാല് ജയങ്ങളും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി 17 പോയിന്റുള്ള ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തുണ്ട്. തോല്‍വിയോടെ ഹോസെ മൗറിഞ്ഞോയെ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സാധ്യതയേറി. ലിവര്‍പൂളിനെതിരായ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ മൗറിഞ്ഞോയെ പുറത്താക്കുമെന്ന് ക്ലബുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.