ഉന്നതാധികാര സമിതി ചേര്‍ന്നു; നവംബറില്‍ എണ്ണവില കുറയും

Posted on: October 29, 2015 6:21 pm | Last updated: November 1, 2015 at 12:18 am
SHARE

uae (1)അബുദാബി: അടുത്ത മാസം എണ്ണവിലയില്‍ കുറവുണ്ടാകുമെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. നവംബര്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 വിഭാഗത്തില്‍ പെട്ട പെട്രോളിന് ലിറ്ററിന് 1.81 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 1.7 ദിര്‍ഹവും ഇ പ്ലസ് 91ന് 1.63 ദിര്‍ഹവും ഡീസല്‍ ലിറ്ററിന് 1.87 ദിര്‍ഹവുമായിരിക്കുമെന്ന് ഊര്‍ജമന്ത്രാലയം പുറത്തിറക്കിയ അടുത്തമാസത്തേക്കുള്ള പുതുക്കിയ എണ്ണവില വ്യക്തമാക്കുന്നു.
നിലവില്‍ ഇത് 1.90, 1.79, 1.72, 1.89 എന്നിങ്ങനെയാണ്. വില പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒന്നു മുതല്‍ സബ്‌സിഡി നിര്‍ത്തിയതോടെ പെട്രോളിന് ലിറ്ററിന് മേല്‍ 20 ശതമാനത്തോളം വില വര്‍ധിച്ചിരുന്നു. അതേസമയം ഡീസലിന് 29 ശതമാനത്തോളം വില കുറയുകയാണുണ്ടായത്.
സെപ്തംബര്‍ മാസത്തില്‍ പെട്രോളിന് വില വീണ്ടും എട്ട് ശതമാനത്തോളം കുറഞ്ഞു. രാജ്യാന്തര കമ്പോളത്തില്‍ പെട്രോളിനുള്ള ആവശ്യം കുറഞ്ഞതായിരുന്നു വിലയില്‍ ആഭ്യന്തര വിപണിയിലും കുറവുണ്ടാകാന്‍ ഇടയാക്കിയത്.
പെട്രോള്‍ വില രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഊര്‍ജ മന്ത്രാലയം ഓഗസ്റ്റ് മുതല്‍ ഓരോ മാസവും വില പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനും ഊര്‍ജ ഉപഭോഗം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രാലയ അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു.
സാമ്പത്തികവും സാമൂഹികവും പ്രകൃതി ആഘാതപരവുമായ കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് തീരുമാനം കൈക്കൊണ്ടത്. പുതിയ നയത്തിന്റെ ഭാഗമായി ഇന്ധന വില അവലോകനം ചെയ്യാന്‍ പ്രത്യേക കമ്മിറ്റിയെ ഊര്‍ജ മന്ത്രാലയം നിയോഗിച്ചിരുന്നു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും സി ഇ ഒ മാര്‍ എന്നിവരാണ് അംഗങ്ങള്‍.
ഈ കമ്മിറ്റിയാണ് രാജ്യാന്തര കമ്പോളത്തിലെ എണ്ണവില താരതമ്യപ്പെടുത്തിയ ശേഷം എണ്ണ വില നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 28ന് ഉന്നതാധികാര സമിതി യോഗം കൂടിയാണ് ആദ്യമായി രാജ്യത്ത് എണ്ണ വില പുതുക്കി നിശ്ചയിത്.

LEAVE A REPLY

Please enter your comment!
Please enter your name here