കന്നിയങ്കത്തിന് കച്ച മുറുക്കി ചെര്‍പ്പുളശ്ശേരി

Posted on: October 25, 2015 10:54 am | Last updated: October 25, 2015 at 10:54 am
SHARE

ചെര്‍പ്പുളശ്ശേരി: പഞ്ചായത്ത് പദവിയില്‍നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ചെര്‍പ്പുളശ്ശേരി നഗരസഭയുടെ സാരഥ്യത്തിന് വേണ്ടി ശക്തമായ മത്സരത്തിലാണ് ഇരു മുന്നണികളും. ദീര്‍ഘമായ മൂന്നര പതിറ്റാണ്ട് ഭരണ പാരമ്പര്യം സി പി എം ഉയര്‍ത്തിക്കാണിക്കുമ്പോള്‍ മാറ്റങ്ങളുടെ പ്രതീക്ഷകളും വാര്‍ഡ് വിഭജനത്തിലെ മേല്‍കോയ്മയുമാണ് യു ഡി എഫിന് പ്രതീക്ഷ നല്‍കുന്നത്.
ചെര്‍പ്പുളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന 19 വാര്‍ഡുകളും തൃക്കടീരി ഗ്രാമപഞ്ചായത്തില്‍നിന്ന് കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളും ചേര്‍ത്ത് 33 വാര്‍ഡുകളാക്കി മാറ്റിയാണ് പുതിയ നഗരസഭയുടെ പിറവി. സി പി എം ശക്തിദുര്‍ഗമെന്ന ഖ്യാതി തകര്‍ക്കാന്‍ യു ഡി എഫ് അണികള്‍ കിണഞ്ഞു ശ്രമിക്കുന്നു. ഭരണത്തിന്റെ അവസാന നാളുകളിലുണ്ടായ രണ്ടാം ബസ്സ്റ്റാന്‍ഡ് വിവാദവും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയും ജില്ലയില്‍ തന്നെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി ചില അംഗങ്ങള്‍ക്ക് എതിരെ എടുത്ത നടപടികള്‍ അണയാതെ കിടക്കുന്നു. പഞ്ചായത്തില്‍ നിന്നുള്ള സ്ഥാനക്കയറ്റം വാര്‍ഡ് വിഭജനത്തിന് സൗകര്യമായത് യു ഡി എഫിന് നേട്ടമായി.
ചില വാര്‍ഡുകളില്‍ വോട്ടര്‍മാര്‍ കുറഞ്ഞതും പരക്കെ ആക്ഷേപങ്ങള്‍ക്ക് കാരണമായിരുന്നു. എല്‍ ഡി എഫ് പാളയം വിട്ട് ചിലര്‍ യു ഡി എഫില്‍ എത്തിയതും യു ഡി എഫിന് ശക്തിപകരുന്നു. 2005 ലെ എല്‍ ഡി എഫ് ഭരണത്തിന് നേതൃത്വം വഹിച്ച കെ ജി സ്വയംപ്രഭ ഇപ്പോള്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. നിലവിലുള്ള ഭരണസമിതിയിലെ ക്ഷേമകാര്യ ചെയര്‍പേഴ്‌സന്‍ കെ ഉഷാദേവി ബി ജെ പി- എസ്എന്‍ ഡി പി മുന്നണിയിലെയും സ്ഥാനാര്‍ഥിയാണ്.
തൂതപ്പുഴയുടെ ഓരം ചേര്‍ന്നുള്ള ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മരക്കാര്‍ ഒറവകിഴായിലും സി പി എം പ്രതിനിധിയായി സി കുഞ്ഞിക്കണ്ണനും ബി ജെ പിയുടെ സ്ഥാനാര്‍ഥിയായി കെ സുനിലും മത്സരിക്കുന്നു. മൂന്നുപേരും മത്സരരംഗത്ത് പുതുമുഖങ്ങളാണ്. രണ്ടാം വാര്‍ഡ് തൂതയില്‍ വനിത സംവരണ മണ്ഡലത്തില്‍ ലീഗിലെ പി സഫിയയും സി പി എമ്മിലെ ശ്രീകലയും ബി ജെ പിയിലെ കെ ശ്രുതിയും മത്സരിക്കുന്നു.
മൂന്നാം വാര്‍ഡ് കാറല്‍മണ്ണ ഹെല്‍ത്ത് സെന്ററില്‍ (പട്ടികജാതി വനിത) കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിയായി രേഷ്മ കാരകുഴിയും സി പി എമ്മിലെ കെ ടി പ്രമീളയും ബി ജെ പിയിലെ കെ സ്വര്‍ണകുമാരിയും മത്സരിക്കുന്നു. നാലാം വാര്‍ഡ് പാപ്പറമ്പില്‍ വനിതാ സംവരണത്തില്‍ ഉഷ ചോലകുഴി കോണ്‍ഗ്രസില്‍ ഒ ടി ജ്യോതി സി പി എമ്മിലും വി എസ് സ്മിത ബി ജെ പിയുടെയും സ്ഥാനാര്‍ഥിയാണ്.
അഞ്ചാം വാര്‍ഡ് നടുവട്ടം കാറല്‍ മണ്ണയില്‍ പട്ടികജാതി വാര്‍ഡില്‍ കോണ്‍ഗ്രസിലെ ചന്ദ്രന്‍ ഓമനാട്ടുകുന്നും സി പി എമ്മിലെ എം സുജിത്തും ബി ജെപിയിലെ വി ശിവദാസും അങ്കത്തിനിറങ്ങുന്നു.