‘യമനില്‍ ഹൂത്തികളെ പ്രതിരോധിക്കുന്നത് സ്വന്തം സുരക്ഷക്ക്’

Posted on: October 20, 2015 8:00 pm | Last updated: October 20, 2015 at 8:35 pm

അബുദാബി: യമനില്‍ ഹൂത്തി വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ യു എ ഇ പങ്കെടുക്കുന്നത് സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് അധികൃതര്‍ വിശദീകരിച്ചു. എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റിജിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് (ഇ സി എസ് എസ് ആര്‍) സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് ഈ വിശദീകരണം പബ്ലിക് റിലേഷന്‍സ് ആക്ടിംഗ് ഡയറക്ടര്‍ നെര്‍മിന്‍ ഖന്‍ബാര്‍ നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് അല്‍ മുഅല്ല ഗേള്‍സ് ഹൈസ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യു എ ഇ ഉള്‍പെടെയുള്ള സഖ്യസേന നടത്തുന്ന ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പ് ലക്ഷ്യമിടുന്നത് സുരക്ഷിതവും സമാധാനവും നിലനില്‍ക്കുന്നതുമായ യമനാണ്. യമനില്‍ സ്ഥിരതയും സുരക്ഷിതത്വമുള്ളതുമായ ഒരു സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് സഖ്യസേനക്ക് നേതൃത്വം നല്‍കുന്ന യമനിന്റെ അയല്‍രാജ്യങ്ങളും സൗഹൃദ രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നത്.
യമനിന്റെ സുരക്ഷ യു എ ഇയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. യമനിന്റെ നാശം ഒരിക്കലും സംഭവിക്കാന്‍ പാടില്ല. അവസാനശ്രമം എന്ന നിലയിലാണ് സൈനികമായി ഇടപെട്ടത്. അറബ് മേഖലയില്‍ ഇറാന്റെ സ്വാധീനം അപകടകരമായികൊണ്ടിരിക്കുകയാണ്. ഇറാഖിനും ലബനോനിനും ശേഷം ഇറാന്‍ ശ്രമിക്കുന്നത് യമനിനെയും തകര്‍ക്കാനാണ്, ഇത് സംഭവിച്ചുകൂടാ. സഊദി അറേബ്യയുടെ സുരക്ഷക്ക് ഭീഷണിയുണ്ടായാല്‍ അയല്‍രാജ്യമായ യു എ ഇയെയും അത് വിനാശകരമായി ബാധിക്കുമെന്നും ഖന്‍ബാര്‍ ഓര്‍മിപ്പിച്ചു.