ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്നെന്ന് എംജിഎസ്

Posted on: October 20, 2015 10:00 am | Last updated: October 21, 2015 at 12:29 am

MGSകോഴിക്കോട്: ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്നെന്ന് പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എംജിഎസിന്റെ പരാമര്‍ശം. ഗോമാംസം സംബന്ധിച്ച വിവാദം ശക്തമാകുന്നതിനിടെയാണ് എംജിഎസ് ഗോമാംസാഹാരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന വാദത്തെ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയുന്നത്.
വാല്‍മീകി രാമായണത്തില്‍ ശ്രീരാമനും സീതയും വനവാസ കാലത്ത് മൃഗങ്ങളെ വേട്ടയാടി കൊന്ന് സീത മാംസം നിലത്തിട്ട് ഉണക്കുന്നതായി വിവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഹ്മണര്‍ സസ്യഭുക്കുകളായിരുന്നില്ല. പശ്ചിമേന്ത്യയിലെ ജൈനരുടെ സ്വാധീനം കാരണമാണ് നമ്പൂതിരിമാരടക്കമുള്ള ഹിന്ദുക്കള്‍ മാംസാഹാരം ഒഴിവാക്കിയത്. പ്രാചീന കാലത്തെ മഹര്‍ഷിമാരുടെ ആശ്രമങ്ങളിലെത്തുന്ന അതിഥികള്‍ക്ക് കാളക്കുട്ടനെ കൊന്ന് പാകം ചെയ്ത് നല്‍കുക പതിവായിരുന്നു. അങ്ങനെയാണ് അതിഥി എന്ന വാക്കിന് ഗോഘ്‌നന്‍ എന്ന പര്യായമുണ്ടായത്. ഗോവിനെ കൊന്ന് മാംസം ഭക്ഷിക്കുന്നവന്‍ എന്നര്‍ത്ഥത്തിലാണ് ഗോഘ്‌നന്‍ എന്ന വാക്ക് ഉണ്ടായത്. സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ഇത് പരാമര്‍ശിക്കുന്നുണ്ടെന്നും എംജിഎസ് വ്യക്തമാക്കുന്നു.
കശ്മീര്‍ ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കുന്നവരാണ്. ബംഗാള്‍ ബ്രാഹ്മണര്‍ മത്സ്യം കഴിക്കുക മാത്രമല്ല അതിനെ ഗംഗാപുഷ്പം എന്ന് പേരിട്ടുവിളിക്കുകയും ചെയ്യുന്നു.ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ മത്സ്യത്തിന്റെ തല വെട്ടിക്കളയും. ബംഗാളില്‍ മത്സ്യത്തലയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം. മുഖ്യാതിഥിക്ക് ആ തല നീക്കിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്വാമീ വിവേകാനന്ദന്‍ മാംസാഹാരത്തിന് എതിരായിരുന്നില്ല. അടുത്ത ചില വര്‍ഷങ്ങളിലായിട്ടാണ് മുസ്‌ലിംകള്‍ക്കെതിരെയുളള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഇന്ധനം പകരാന്‍ വേണ്ടി ഗോമാംസ നിരോധനം ഒരു മുദ്രാവാക്യമായി ചില ഹിന്ദുത്വവാദികള്‍ സ്വീകരിച്ചു തുടങ്ങിയതെന്നും എംജിഎസ് ചൂണ്ടിക്കാട്ടുന്നു.